Monday, March 17, 2025

14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു; ജനസംഖ്യാ സെന്‍സസ് ഉടന്‍ നടത്തണമെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ എത്രയും വേഗം സമ്പൂര്‍ണ്ണമായ ജനസംഖ്യാ സെന്‍സസ് നടത്തണമെന്ന് സോണിയാഗാന്ധി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള ഗുണഭോക്താക്കളെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ അനുസരിച്ചല്ല, 2011 ലെ സെന്‍സസ് അനുസരിച്ചാണ് കണക്കാക്കുന്നത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2013 സെപ്റ്റംബറില്‍ യുപിഎ സര്‍ക്കാരാണ് പദ്ധതി നടപ്പാക്കിയത്.

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍, ദശലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ പട്ടിണിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നിര്‍ണായക പങ്ക് വഹിച്ചതായി സോണിയാ ഗാന്ധി പറഞ്ഞു. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കള്‍ക്കുള്ള ക്വാട്ട ഇപ്പോഴും നിര്‍ണ്ണയിക്കുന്നത്. ഇതിന് ഇപ്പോള്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.

നിലവില്‍, ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സര്‍ക്കാര്‍ ഒരാള്‍ക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, ദശവത്സര സെന്‍സസ് നാല് വര്‍ഷത്തിലധികം വൈകി. ഇത് ആദ്യം 2021 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ സെന്‍സസ് എപ്പോള്‍ നടത്തുമെന്ന് ഇപ്പോഴും വ്യക്തതയില്ല. സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടു.

Latest News

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി; നിയമ സാധുതയില്ലെന്ന് ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു...

More News