പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ നിർണായക സാക്ഷികൾ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴി മാറ്റി. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താൻ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി.
ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും മൊഴിയിൽ നിന്നും പിൻവാങ്ങി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. പ്രതിയെ പേടിച്ചാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.
അതേസമയം കൊല്ലാൻ തീരുമാനിച്ചിരുന്നതായി ചെന്താമര മൊഴി നൽകിയ അയൽവാസിയായ പുഷ്പ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നിൽക്കുന്നത് കണ്ടെന്ന മൊഴിയിലാണ് പുഷ്പ ഉറച്ചുനിൽക്കുന്നത്.
പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശ പ്രതി ചോദ്യം ചെയ്യലിൽ പങ്കുവെച്ചിരുന്നു. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പയ്ക്ക് പങ്കുണ്ടെന്നും ചെന്താമ പറഞ്ഞിരുന്നു.
ജയിലിൽ കിടക്കുന്ന ചെന്താമരയെ പേടി: നെന്മാറ ഇരട്ടക്കൊലക്കേസിൽ നിർണായക സാക്ഷികൾ മൊഴി മാറ്റി
തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മാര്‍ച്ച് ആദ്യവാരം വിജയ് തമിഴ്നാട്ടിലുടനീളമുള്ള തന്റെ രാഷ്ട്രീയ പര്യടനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട്ടിനുള്ളില്‍ മാത്രമേ വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കൂ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റലിജന്റ്സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് നടന്‍ വിജയ് തമിഴക വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു.
പാര്‍ട്ടി ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു.
തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗം 26 ന് നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. വിജയ്ക്ക് അനുവദിച്ചിരിക്കുന്ന വൈ+ കാറ്റഗറിയില്‍ എട്ട് മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സായുധ ഗാര്‍ഡുകളും സുരക്ഷ ഒരുക്കും.
സസ്പെൻഷനിൽ ഒതുങ്ങില്ല; കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല എന്നാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല എന്നും പ്രതികളായ കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്
കണ്ണൂർ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസ്. മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളാക്കിയാണ് പ്രചരിപ്പിച്ചത്. കണ്ണൂരിലെ മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാൻ, അഖിൽ,ഷാരോൺ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യ കോളേജിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നടപടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആനയിടഞ്ഞ സംഭവം; വീഴ്ച കണ്ടെത്തിയാൽ കർശന നടപടി, മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും: ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി ഫോറസ്റ്റ് കൺസർവേറ്റർ
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്കര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ക്ഷേത്രത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. എന്തെങ്കിലും വീഴ്ചകൾ വന്നാൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകും. ആനകൾ തമ്മിൽ അകലം പാലിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വിശദമായ പരിശോധന നടത്തും. രണ്ട് ആനകളെ ഉത്സവത്തിനെത്തിക്കാൻ അനുമതിയുണ്ടായിരുന്നു. ഉത്സവത്തിൽ പങ്കെടുത്ത എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് ഉത്സവത്തിനെത്തിച്ച ആനകൾ ഇടഞ്ഞത്. ഉത്സവത്തിനിടെ ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ കരിമരുന്ന് പ്രയോഗം നടന്നതിനിടെയാണ് സംഭവം.
ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേര് മരിച്ചത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ചാമ്പ്യൻസ് ട്രോഫിയിൽ ഭാര്യയെ കൂടെ കൂട്ടാന്‍ അനുമതി തേടി സീനിയര്‍ താരം; കടുത്ത നിലപാടുമായി ബിസിസിഐ
മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കളിക്കാൻ ദുബായിലേക്ക് പോകുമ്പോൾ ഭാര്യയെ കൂടെ കൂട്ടാന്‍ അനുമതി നല്‍കമോയെന്ന് ബിസിസിഐയോട് ആരാഞ്ഞ് ഒരു സീനിയർ താരം. എന്നാൽ അനുമതി നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോലിയാണ് ആ സീനിയർ താരമെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുമതിയില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്.
ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ പുറത്തിറക്കിയ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു. ചാമ്പ്യൻസ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്‍റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം.
പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാൻ തന്നെയാണ് ബിസിസിഐ തീരുമാനമെന്നും ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ ഏതെങ്കിലും കളിക്കാരന് പ്രത്യേക ഇളവ് നല്‍കുകയാണെങ്കില്‍ കുടുംബത്തിന്‍റെ മുഴുവന്‍ ചെലവും കളിക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതും കര്‍ശനമായി നടപ്പാക്കും.
കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം നേരത്തെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലും കളിക്കാര്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ബിസിസിഐ ഉറപ്പുവരുത്തിയിരുന്നു.
കത്തി കയറി സ്വർണ വില; തലയിൽ കൈ വച്ച് ആഭരണ പ്രേമികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഇത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയായി.
അതേസമയം കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7990 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 63920 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
‘എല്ലാവരും സംസാരിക്കുന്നത് മോദിയെക്കുറിച്ചാണ്’; വാനോളം പുകഴ്ത്തി ട്രംപ്
സുപ്രധാന തീരുമാനങ്ങള്‍ക്കപ്പുറം ഇരു നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കൂടി വേദിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്നായിരുന്നു നരേന്ദ്ര മോദിയെ ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. മോദി തന്നെക്കാള്‍ മികച്ച മദ്ധ്യസ്ഥന്‍ ആണെന്നും ട്രംപ് പറഞ്ഞു.
ആലിംഗനം ചെയ്തുകൊണ്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. ‘ഞങ്ങള്‍ക്ക് നിങ്ങളെ മിസ്സ് ചെയ്തു, ഒരുപാട് മിസ്സ് ചെയ്തു’ എന്നും ട്രംപ് പറഞ്ഞു. ‘വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം’ എന്നായിരുന്നു ഇതിനോട് മോദി പ്രതികരിച്ചത്. ഔര്‍ ജേര്‍ണി ടുഗേദര്‍ എന്ന തന്റെ പുസ്തകവും ട്രംപ് മോദിക്ക് സമ്മാനിച്ചു. ‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, യു ആര്‍ ഗ്രേറ്റ്’ എന്നും ട്രംപ് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
അതിനിടെ, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകഴിഞ്ഞു. ഇന്ത്യ – യുഎസ് ഉഭയകക്ഷി ബന്ധത്തെ ട്രംപിന്റെയും മോദിയുടെയും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.
”യുഎസ് പ്രസിഡന്റ് മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ) അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ആശയത്തെ കുറിച്ച് സംസാരിക്കുന്നു. ഇന്ത്യയില്‍ വികസിത ഭാരതത്തെ കുറിച്ച് പറയുന്നു. അമേരിക്കന്‍ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ മിഗാ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ ) ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക. ഇന്ത്യയും യുഎസും തമ്മില്‍ ‘മെഗാ’ പങ്കാളിത്തമായി മാറും” എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുറിപ്പ്.
ഇന്ന് പുല്‍വാമ ദിനം; ധീര ജവാന്മാരെ അനുസ്മരിച്ച് രാജ്യം
ന്യൂഡല്‍ഹി: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുല്‍വാമ ചാവേര്‍ ബോംബ് ആക്രമണത്തിന് ഇന്ന് ആറാണ്ട്. ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി ആക്രമണത്തില്‍ ബലിദാനികളായ ജവാന്മാരെ രാജ്യം ഇന്ന് അനുസ്മരിക്കും.
2019 ഫെബ്രുവരി 14 ന് ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ ലത്താപോരയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആറ് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു.
അമേരിക്ക, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നപ്പോള്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പാകിസ്ഥാനെ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയും തുര്‍ക്കിയും സ്വീകരിച്ചത്. ജെയ്ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ചൈന തടഞ്ഞു. 2019 മെയ് ഒന്നിന് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടുത്തി.
ആക്രമണത്തിന് പിന്നിലെ പാക് ഗൂഡാലോചനയ്ക്ക് ബാലാക്കോട്ടില്‍ ബോംബ് വര്‍ഷിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. 2019 ഫെബ്രുവരി 27 ന് പാക് അധിനിവേശ കാശ്മീരിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് മുകളിലൂടെ പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ച് പ്രദേശത്തെ ചാരമാക്കി. ആക്രമണത്തില്‍ 350 ല്‍ അധികം ജയ്ഷെ ഭീകരരെ വധിച്ചു.
‘മനുഷ്യക്കടത്തിനെതിരെയാണ് ഇനി പോരാട്ടം, ഇന്ത്യയും യുഎസും ഒരുമിച്ച് പോരാടും’; മോദി
ന്യൂഡൽഹി: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ കൊണ്ടുവരാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മനുഷ്യക്കടത്ത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി പ്രതികരിച്ചത്.
നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല. ഇത് അമേരിക്കയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ബാധകമാണെന്ന് മോദി പറഞ്ഞു.
യു.എസില്‍ അനധികൃതമായി താമസിച്ചിരുന്ന 104 ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് നാടുകടത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ആദ്യമായി നടത്തുന്ന പ്രസ്താവനയാണിത്.
‘ഇന്ത്യയിലെ യുവതലമുറയും ദുര്‍ബലരും ദരിദ്രരുമായ ജനങ്ങളും കുടിയേറ്റം എന്ന ആകര്‍ഷണത്തില്‍ വഞ്ചിതരാകുന്നു. വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവര്‍. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും നല്‍കി അവരെ ആകര്‍ഷിക്കുന്നു. എന്തിനാണ് തങ്ങളെ കൊണ്ടുവരുന്നതെന്ന് പോലും അറിയാതെ പലരും പോകുന്നു. മനുഷ്യക്കടത്ത് സംവിധാനത്തിലൂടെ അവര്‍ ചതിക്കുഴികളില്‍ വീഴുന്നു – അദ്ദേഹം പറഞ്ഞു.
ചുട്ട്പൊള്ളും: കേരളത്തിൽ 3 °C വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
പകൽ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക.
ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗാന്ധിനഗര്‍ കോളജിലെ റാഗിങ്, അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം.
ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. റാഗിങ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികള്‍ക്കെതിരെ ചുമത്തും. നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിങിനാണ് ഇരയായത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 12ാം തീയതിയാണ് നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേ സമയം മനുഷ്യാവകാശ കമ്മീഷനും റാഗിങ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ‘കെ ഹോംസ്’ ആക്കി മാറ്റും; പദ്ധതി ആദ്യം 4 കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതി ആദ്യ ഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.
ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങള്‍ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ കെ-ഹോംസ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി നാല് കേന്ദ്രങ്ങള്‍ക്കും 10 കി.മി ചുറ്റളവിലാണ് കെ-ഹോംസ് പദ്ധതി പ്രാരംഭമായി നടപ്പാക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
ആള്‍ത്താമസമില്ലാത്ത നല്ല സൗകര്യങ്ങളുള്ള വീടുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്ന് മന്ത്രി പറഞ്ഞു. നിലവാരമുളള താമസം, രുചികരമായ നാടന്‍ ഭക്ഷണം എന്നിവയെല്ലാം ഇതിന്‍റെ ആകര്‍ഷണങ്ങളാകും. കെ-ഹോംസിനു മാത്രമായി പ്രത്യേക ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഓരോ വര്‍ഷവും റെക്കോര്‍ഡ് തിരുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തി. കൊവിഡ് കാലത്തിനു മുമ്പുള്ള കണക്കിനേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലബാറിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് ആണ് ഇന്ന് ലോകത്ത് കണ്ടുവരുന്ന പുതിയ ട്രെന്‍ഡ്. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാന്‍ താല്പര്യപ്പെടാതെ തിരക്കില്ലാത്ത ഏകാന്തതയുള്ള കേന്ദ്രങ്ങള്‍ക്കാണ് പലരും മുന്‍ഗണന നല്‍കുന്നത്. ഇത്തരം അറിയപ്പെടാത്ത ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഡെസ്റ്റിനേഷന്‍ ചലഞ്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു . ഇവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഡിസൈന്‍ പോളിസി നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
‘ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ, ബിസിനസ്സിന് സൗഹൃദ രാജ്യമല്ല’; ഡൊണാൾഡ് ട്രംപ്
വാഷിംങ്ടൺ: ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച.
പ്രസിഡന്റ് ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ -അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഇന്ത്യ അമേരിക്കയിൽ നിന്ന് എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വാതകം എന്നിവ വളരെ കൂടുതൽ വാങ്ങാൻ പോകുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ഇരട്ടി വേഗതയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാര ബന്ധത്തിൽ ഇന്ത്യയോട് കടുപ്പിച്ചാൽ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നയിരുന്നു മോദിയുടെ മറുപടി.
രാജ്യ താല്പര്യങ്ങൾ പരമോന്നതമാക്കി പ്രവർത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പുട്ടിനുമായി ട്രംപിന്റെ ഫോൺ സംഭാഷണം നിർണായകമാകുമെന്ന് മോദി പറഞ്ഞു. ഈ വർഷം മുതൽ ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ, F 35 യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ നൽകുമെന്ന് ട്രംപും വ്യക്തമാക്കി.
പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയും അമേരിക്കയിൽ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചർച്ചയ്ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളിയ മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ട്രംപുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുളഅള ബ്ലെയര്‍ ഹൗസിൽ വെച്ച് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.
കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് റിപ്പോട്ട്, പോസ്റ്റ്മോർട്ടം ഇന്ന്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്.
