ഇൻഫോപാർക്കിനടുത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം, കഴിച്ച മദ്യമടക്കം ബില്ല് 3 ലക്ഷം; വ്യാജ യുഎൻ പ്രതിനിധി പിടിയിൽ

0

കൊച്ചി: വ്യാജ യു.എൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ യുവാവ് പിടിയിൽ. അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ ഹോട്ടൽ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് പർവേസ് പിടിയിലായത്. 

ഇൻഫോപാർക്കിന് സമീപത്തെ നോവാറ്റെൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചിരുന്ന പ്രതി 3,01,969  രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിക്കുകയായിരുന്നു. യു.എൻ. പ്രതിനിധിയാണ് താനെന്നും  ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാൾ  ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969/-രൂപ ബിൽ അടക്കാതെ വന്നതിനെ തുടർന്ന്ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി.

തുടർന്ന് നോവാറ്റെൽ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയിൽ ഇയാൾ സ്വകാര്യ ട്രാവൽ ഏജൻസിക്ക്  76948 രൂപ നൽകാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ്കുമാർ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്  സജീവ്കുമാർ പറഞ്ഞു.

ഹരിപ്പാട് കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, കണ്ണൂരിലെ ഹെറിറ്റേജ് ഹോമിൽ ഒളിവിലായിരുന്ന പ്രതിയെ പൊക്കി

0

ഹരിപ്പാട് : ആലപ്പുഴയിൽ കൊലപാതകക്കേസിൽ ജാമ്യത്തിറങ്ങി ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ ചേരുകുളഞ്ഞി വീട്ടിൽ സെയ്ഫുദീനെ(സെയ്ഫ്-30)യാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ മാവേലിക്കര ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കണ്ണൂരിലെ ഹെറിറ്റേജ് ഹോമിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സെയ്ഫുദ്ദീനെ പിടികൂടിയത്. 2017-ഫെബ്രുവരിയിൽ കണ്ടല്ലൂർ തെക്ക് ശരവണഭവനത്തിൽ സുമേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സെയ്ഫുദ്ദീൻ. എസ്.ഐ. ബ്രിജിത്ത് ലാൽ, എ.എസ്.ഐ.മാരായ സുരേഷ് കുമാർ, ഇസ്‌ള, സീനിയർ സി.പി.ഒ.രാഹുൽ ആർ. കുറുപ്പ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ 5 വയസുകാരൻ കളിപ്പാട്ടം അന്വേഷിച്ച് കിണറ്റിൽ എത്തിനോക്കി, ദാരുണാന്ത്യം

0

തിരുവനന്തപുരം: സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വ്വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നേഴ്‌സറി വിട്ട് വന്ന ശേഷം വീട്ടുമുറ്റത്ത് രണ്ട് വയസുള്ള സഹോദരി ദ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ്  ദ്രുവന്‍ അബദ്ധത്തിൽ കിണറ്റിൽ വീണത്.

പെയിന്‍റിങ് തൊഴിലാളിയായ അച്ഛന്‍ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികള്‍ കഴുകുകയായിരുന്നു. തിരിച്ചെത്തിയ ശേഷം ദ്രുവനെ തിരക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്.  ആര്യ വീടിനു ചുറ്റും മകനെ അന്വേഷിച്ചു നടന്നു. ഒടുവില്‍ കിണറിന് സമീപത്ത് കസേര ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആര്യ സമീപവാസികളെ കൂട്ടി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി കുഞ്ഞിനെ പുറത്തെടുത്ത് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നെന്നാണ് വിവരം. സംസാരശേഷി ഇല്ലാത്ത ദ്രുവന്‍ വീടിന് സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുമ്പ് ദ്രുവന്‍ തന്‍റെ പാവക്കുട്ടിയെ കിണറിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറ്റിലേക്ക് നോക്കിയതെന്നും പൊലീസ് പറയുന്നു. നേമം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്ക് മാറ്റി. 

കൊടുമുടി കീഴടക്കി ഹൃദയസരസ് കാണാം; കാഴ്ചകളുടെ പറുദീസയൊരുക്കി ചെമ്പ്ര പീക്ക്

0

കേരളത്തിൽ നിന്ന് മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും ധാരാളം ടൂറിസ്‌റ്റുകൾ എത്തുന്ന ഒരു ജില്ലയാണ് വയനാട്. ഇവിടുത്തെ സവിശേഷമായ ഭൂപ്രകൃതിയും രൂപ ഭംഗിയുമൊക്കെയാണ് ഇതിന് കാരണം. അത്തരത്തിൽ ഏത് സീസണിലും വയനാട്ടിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന ഒരു സ്പോട്ടാണ് ചെമ്പ്ര പീക്ക്. വയനാടിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക് ഒരുക്കുന്ന ദൃശ്യ വിരുന്ന് കേരളത്തിൽ തന്നെ മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത ഒന്നാണ്. മുകളിൽ എത്തിയാൽ വയനാട് ജില്ല പൂർണമായി കാണാം. 

വയനാട് ജില്ലയിലെ കൽപ്പറ്റിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. എല്ലാ വർഷവും ഇവിടുത്തെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്‌നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം എന്ന് തന്നെ പറയാം.

വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാനുള്ള സൗകര്യം വനം വകുപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ഗൈയ്ഡുകൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു. ചെമ്പ്ര പീക്കിന് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന അറിയപ്പെടുന്ന ഈ തടാകം കണ്ണിന് കുളിർമ്മയേകുന്ന ഒരു കാഴ്ച തന്നെയാണ്. ഈ തടാകം ഒരിക്കലും വറ്റുകയില്ലെന്നാണ് വിശ്വാസം. ചെമ്പ്ര പീക്കിന്റെ മധ്യത്തായി ഈ തടാകം കാണാം. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളുമുണ്ട്. 

ചെമ്പ്ര പീക്ക് വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി നേടണം. തടാകത്തിൽ എത്തിയതിനുശേഷം ഒന്ന് – രണ്ട് കിലോമീറ്റർ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാൻ. മേപ്പാടി ടൗണിൽ നിന്നും എരുമക്കൊള്ളിയിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ യാത്ര അനിവാര്യമാണ്. ചെമ്പ്ര പീക്കിന്റെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ നേരമുണ്ട്. രാവിലെ ഏഴ് മുതല് ഉച്ചയ്ക്ക് ഏഴ് വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. മഴയുള്ള സമയത്ത് ട്രെക്കിംഗ് ബുദ്ധിമുട്ടായിരിക്കും. 

ലക്കി സെന്‍ററിന്‍റെ മറവിൽ വ്യാജ ലോട്ടറി ടിക്കറ്റുകളുടെ നിര്‍മാണവും വിൽപ്പനയും; പ്രതിയെ പിടികൂടി പൊലീസ്

0

കൊല്ലം: കൊല്ലം പുനലൂരിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിച്ച് വിൽപന നടത്തിയ പ്രതി അറസ്റ്റിൽ. വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിൽ അൽഫാന ലക്കി സെന്‍റര്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.

പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

0

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്‍റ്  ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച എട്ട് ക്ലാസ് മുറികളുടെയും അസംബ്ലി ഹാളിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ അക്കാദമിക് മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം. ക്ലാസ് മുറികളില്‍ ഈ പരിഷ്‌കാരങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, കൈറ്റിന്റെ ഡിജിറ്റയ്‌സേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ആമുഖം എന്നിവയിലൂടെ, മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ പുരോഗതികള്‍ നാം കണ്ടിട്ടുണ്ട്. 2016 ല്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും വന്‍ മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപം വ്യാപക പുരോഗതി സൃഷ്ടിച്ചു. എന്നാല്‍ അക്കാദമിക് മികവില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിദ്യാഭ്യാസ രംഗത്ത് ഒരു സുസ്ഥിരമായ പാത സൃഷ്ടിക്കാന്‍ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരും. വിഷയ മിനിമം പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇത് ഒരു സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസവ്യവസ്ഥ സൃഷ്ടിക്കാന്‍ അവിശ്രമമായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്,’ മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കാസര്‍കോട് ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍ സരിത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.സവിത, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, പി.ഗോപാലന്‍ മാസ്റ്റര്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ബാലന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മാധവന്‍, അശ്വതി അജികുമാര്‍, ശാന്ത പയ്യങ്ങാനം, വിവിധ സംഘടനാ-വ്യാപാരി വ്യവസായി പ്രതിനിധികളായ സി.രാമചന്ദ്രന്‍, കെ.തമ്പാന്‍, കെ.ബാലകൃഷ്ണന്‍, ദിലീപ് പള്ളഞ്ചി, കെ ദാമോദരന്‍ എം.കുഞ്ഞമ്പു, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പി.ഗോപിനാഥന്‍, ജി.എച്ച്.എസ് കുറ്റിക്കോല്‍ എസ്.എം.സി ചെയര്‍മാന്‍ സി.ബാലകൃഷ്ണന്‍,  എം.പി.ടി.എ പ്രസിഡന്റ് ജി.രാഗിണി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വിനോദ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് രതീഷ്.എസ്, സ്‌കൂള്‍ ലീഡര്‍ പി.ഗോകുല്‍കൃഷ്ണ എന്നിവര്‍ സംസാരിച്ച പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്,ജി.രാജേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.എസ് സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

എഡിഎമ്മിന്‍റെ അധ്യക്ഷതയിൽ അടിയന്തര യോഗം; കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകൾ നിര്‍ത്തിവെക്കാൻ നിർദേശം

0

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് എഡിഎമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്‍റേതാണ് തീരുമാനം.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

ഉത്തരവില്‍ സൂചിപ്പിക്കുന്നതുപോലെ ആനകള്‍ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷനില്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ നിന്ന് വിലക്കാനും യോഗം തീരുമാനിച്ചു.

വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ളഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരംഇടുക്കി എംപി ഡീൻ കുര്യാക്കോസിന്

0

സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള
ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം
ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകളുമാണ് അവാർഡിന് അർഹനാക്കിയത്. ദേശീയപാത വികസനം, വിദ്യാഭ്യാസ , ആരോഗ്യ, മേഖലകൾക്കും, ആദിവാസി മേഖലകൾ ഉൾപ്പടെ,പ്രദേശിക വികസനത്തിനും ഊന്നൽ നൽകി, മറ്റുമണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികൾ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉപയോഗപ്പെടുത്തി.
17-ാo ലോക്സഭയുടെ കാലയളവിൽ 90 BSNL ടവറുകളാണ് വിദൂര ആദിവാസി മേഖലകളിൽ അനുവദിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ PMGSY റോഡുകളും , പാലങ്ങളും ലഭ്യമാക്കിയതുൾപ്പടെ പരിഗണനാ വിഷയമായി. പാർലമെൻ്റിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച തുടക്കക്കാരനായ MP യും ഇദ്ദേഹമായിരുന്നു. ജനകീയ പ്രശ്നങ്ങൾ കൂടുതലായി പാർലമെൻ്റിൽ അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തത് അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഡീൻ കുര്യാക്കോസിനെ അവാര്‍ഡിനായി തെരഞ്ഞെടുക്കാൻ കാരണമായത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങ് സ്പീക്കർ എൻ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

സ്പീക്കർ എൻ എ .എൻ ഷംസീർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരിൽ നിന്നും ഡീൻ കുര്യാക്കോസ് അവാർഡ് ഏറ്റുവാങ്ങി. ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഡയറക്ടർ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പി ഉബൈദുള്ള എംഎൽഎ, തിരുമല ആനന്ദ ആശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ഡോൺ ബോസ്കോ സോഷ്യൽ ഡെവലപ്മെൻറ് ഡയറക്ടർ ഫാ. സജി ഇളമ്പശ്ശേരിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ദുനുംസ് പേഴുംമൂട്, എം എൻ ഗിരി, പി ആർ ഓ അനുജ എസ് , ഷമീജ് കാളികാവ്, അജിത് വട്ടപ്പാറ , എന്നിവർ സംസാരിച്ചു.

മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും വിവിധ ‘ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ മണ്ഡലത്തിന്റെ വികസനത്തിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞതിന് കിട്ടിയ അംഗീകാരമാണിതെന്നും എംപി പറഞ്ഞു.

മറ്റു പുരസ്കാരങ്ങൾ ലഭിച്ചവർ
മോൻസ് ജോസഫ് എംഎൽഎ (മികച്ച നിയമസഭാ സമാജികൻ – കടുത്തുരുത്തി) , കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ (മികച്ച നവാഗത നിയമസഭ സാമാജികൻ – വൈപ്പിൻ) , മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാർ (മികച്ച പൊതുപ്രവർത്തകൻ), സംഷാദ് മരക്കാർ ( മലപ്പുറം -ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്), അഡ്വ. ടി സക്കീർ ഹുസൈൻ ( പത്തനംതിട്ട – മുനിസിപ്പൽ ചെയർമാൻ), വി അമ്പിളി (നെടുമങ്ങാട് -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), പിസി അബ്ദുറഹ്മാൻ (പുൽപ്പറ്റ – ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്),
ടി പി ഹാരിസ് (ജില്ലാ പഞ്ചായത്ത് അംഗം – മലപ്പുറം), എസ് സവിത ദേവി (കൊല്ലം – കോർപ്പറേഷൻ അംഗം),എം ശശികുമാർ (പാലക്കാട് -നഗരസഭ കൗൺസിലർ),ജോളി മടുക്കകുഴി (കാഞ്ഞിരപ്പള്ളി – ബ്ലോക്ക് പഞ്ചായത്ത് അംഗം), വിഷ്ണു ആനപ്പാറ (വിതുര – ഗ്രാമപഞ്ചായത്ത് അംഗം), മറ്റ് വിവിധ ദൃശ്യമാധ്യമങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു

റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ

0

കൊച്ചി: കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടി
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ.

സമൂഹത്തിൽ മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന ജനപ്രതിനിധി കൂടിയായ തനിക്ക് അപരിഹാര്യമായ മാനനഷ്ടം ഉണ്ടാക്കുന്ന വാർത്തയാണ് റിപ്പോർട്ട് ചാനൽ സംപ്രേക്ഷണം ചെയ്തത്.
താൻ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നൽകിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരംലഭിച്ചിട്ടുണ്ടെന്നും വാർത്ത തെറ്റാണെന്നും
ചാനൽ അധികൃതരോട് ചൂണ്ടിക്കാട്ടിയിട്ടും അത് പിൻവലിക്കാൻ തയ്യാറായില്ല.
സത്യവിരുദ്ധമായ വാർത്ത നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനൽ ശ്രമിച്ചത്. റിപ്പോർട്ടർ ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുന്ന വിധം ഇപ്പോഴും രാഷ്ട്രീയ എതിരാളികൾ വ്യാപകമായി സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.അതിനാൽ നിരുപാധികം വാർത്ത പിൻവലിച്ച് പൊതുജനമധ്യത്തിൽ മാപ്പുപ്പറയാൻ ചാനൽ തയ്യാറാക്കണം എന്നാണ് വക്കീൽ നോട്ടീസിലൂടെ മാത്യു ആവശ്യപ്പെടുന്നത്. അതിന് ചാനൽ തയ്യാറാകാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമ നടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും നോട്ടീസിൽ മാത്യു ചൂണ്ടിക്കാട്ടി.അഡ്വ. മുഹമ്മദ് സിയാദ് വഴിയാണ് റിപ്പോർട്ടർ ചാനലിന് മാത്യു കുഴൽനാടൻ നോട്ടീസ് അയച്ചത്.

കൊച്ചിയിൽ വൻ ലഹരി വേട്ട

കൊച്ചിയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇടക്കൊച്ചി സ്വദേശി അനന്തകൃഷ്ണൻ (26) പക്കൽ നിന്ന് 48.0231ഗ്രാം എംഡിഎംഎ പിടികൂടി.

മട്ടാഞ്ചേരി സ്വദേശി അഗസ്റ്റിൻ ജോസഫ് (34) പക്കൽ നിന്നു 3.95 MDMA യാണ് പിടികൂടിയത്. ഇയാളെ കൊച്ചി ദ്രോണാചാര്യ ബീച്ച് റോഡിൽ മൂന്നാർ ടീ ആൻ്റ് സ്പ്രസ് കടയുടെ മുൻവശത്തു നിന്നുമാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

യുവാക്കൾക്കിടയിൽ വിൽപ്പനക്കായി MDMA കൊണ്ടുവരുന്നതായി ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ൻ്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP KA അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

വിൽപ്പനയാക്കായി എത്തിച്ച 2 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി . ബംഗാളിലെ മൂർഷിദാബാദിലുള്ള ബാപ്പൻ മൊല്ല (21) എന്നയാളാണ് അറസ്റ്റിലായത്.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനക്കായി ഗഞ്ചാവ് കൊണ്ടുവരുന്നതായി ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP കെ എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ചേരാനല്ലൂർ വിഎഐ പടി ഇന്ദിരാഗാന്ധി ബ്രിഡ്ജ് റോഡിന് സമീപത്തുന്നിന്നാണ് 02.094 കിലോ ഗഞ്ചാവുമായി പ്രതി പിടിയിലായത്.

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം


സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന പ്രസ്താവന പുറത്തിറക്കി.


ആന്റണി പെരുമ്പാവൂരിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണസമിതിയുടെ തീരുമാനപ്രകാരം. ആന്റണി പെരുമ്പാവൂരിന്റെ നിലപാടുകൾ അനുചിതം. ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുത്തില്ല. സംഘടനയ്ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കും. ജി സുരേഷ് കുമാറിനെ സോഷ്യൽ മീഡിയ വഴി ചോദ്യം ചെയ്തത് തെറ്റെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.

സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട് എന്നൊക്കെയായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിച്ചതിനെതിരെയും ആന്റണി പ്രതികരിച്ചിരുന്നു.

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്.

പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കവർന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്. ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. കാഷ് കൗണ്ടര്‍ തല്ലിപൊളിച്ചാണ് അകത്ത് കയറി പണം കവരുകയായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച് വിവരമില്ല.

ഒരു മോഷ്ടാവ് മാത്രമാണുണ്ടായിരുന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി വ്യാപക തിരച്ചില്‍. ശക്തമായ വാഹനപരിശോധന നടത്താന്‍ തീരുമാനിച്ചു

‘529.50 കോടി മാര്‍ച്ച് 31ന് അകം ചെലവഴിക്കണം’, വയനാടിന് വായ്പ അനുവദിച്ച് കേന്ദ്രം; എളുപ്പമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. എന്നാല്‍ തുക മാര്‍ച്ച് 31നകം തുക ചെലവിടമെന്ന നിര്‍ദേശത്തോടെയാണ് സഹായം.

2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.

കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍ പ്രഖ്യാപനം വൈകിപ്പോയെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമപരിധിക്കുള്ളില്‍ പണം ചെലവഴിക്കുന്നത് എളുപ്പമല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ നഷ്ടം ഗ്രാന്റായാണ് സംസ്ഥാനം ആദ്യം ചോദിച്ചത്. ഒപ്പം വായ്പയും ചോദിച്ചിരുന്നു. എന്നാല്‍ വായ്പ മാത്രമാണ് ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നത് കൂടാതെ പെട്ടെന്ന് തന്നെ ചെലവഴിച്ചാല്‍ മാത്രമെ തുക അനുവദിച്ച് കിട്ടുകയുള്ളൂവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയയ്‌ക്കേണ്ടിവരും. കേന്ദ്ര പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സംബന്ധിച്ച് ഒരുമാസംകൊണ്ട് 16 പദ്ധതികള്‍ക്കും ചെലവ് കണക്കുകള്‍ കാണിക്കേണ്ടിവരുന്നത് പ്രതിസന്ധിയാണ്. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണംവിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.