കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്കര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ക്ഷേത്രത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. എന്തെങ്കിലും വീഴ്ചകൾ വന്നാൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകും. ആനകൾ തമ്മിൽ അകലം പാലിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വിശദമായ പരിശോധന നടത്തും. രണ്ട് ആനകളെ ഉത്സവത്തിനെത്തിക്കാൻ അനുമതിയുണ്ടായിരുന്നു. ഉത്സവത്തിൽ പങ്കെടുത്ത എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് ഉത്സവത്തിനെത്തിച്ച ആനകൾ ഇടഞ്ഞത്. ഉത്സവത്തിനിടെ ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ കരിമരുന്ന് പ്രയോഗം നടന്നതിനിടെയാണ് സംഭവം.
ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.