അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ചു; എൻജിനീയറിങ് വിദ്യാ‍ർ‌ത്ഥി അടക്കം രണ്ട് യുവാക്കളെ കൊലപ്പെടുത്തി

ചെന്നൈ: അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ച യുവാക്കളെ തമിഴ്‌നാട്ടിൽ കൊലപ്പെടുത്തി. മയിലാടുംതുറയിലെ മുട്ടത്താണ് എൻജിനീയറിംഗ് വിദ്യാ‍ർത്ഥി അടക്കം രണ്ട് യുവാക്കളെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. എൻജിനീയറിങ് വിദ്യാ‍ർ‌ത്ഥി ഹരിയും സുഹൃത്ത് ഹരീഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

പ്രദേശത്തെ അനധികൃത മദ്യ വിൽപ്പനയെ ചോദ്യം ചെയ്ത യുവാക്കൾ നേരത്തെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിൽ ഒരാൾ വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാൾ ഉൾപ്പെട്ട സംഘം യുവാക്കളെ അന്വേഷിച്ചു മുട്ടത്ത് എത്തുകയും വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ട് പോയി മർദിച്ച് ‌കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതികളെ ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.

പകുതി വില തട്ടിപ്പ്: പണം കൈമാറിയത് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഫീസില്‍ വെച്ച്;

പാലക്കാട്: പകുതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണെന്ന് പണം കെെമാറിയതെന്ന് പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാര്‍ ആരോപിക്കുന്നു. സീഡ് സൊസൈറ്റിയുടെ ചിറ്റൂര്‍ കോര്‍ഡിനേറ്ററാണ് പ്രീതി രാജന്‍. സര്‍ക്കാര്‍ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പില്‍ മന്ത്രിയുടെ പി എയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

‘മന്ത്രിയുടെ ഓഫീസില്‍വെച്ചാണ് പ്രീതി മാഡത്തിന് പൈസ കൊടുത്തത്. 60,000 രൂപ ഒന്നിച്ച് കൊടുത്തു. 2024 ഒക്ടോബര്‍ 19ാം തീയതിയാണ് പണം നല്‍കിയത്. മന്ത്രി ഓഫീസില്‍ വെച്ചാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും വിശ്വസിച്ചുപോയി. പലിശയ്ക്ക് വാങ്ങിയ പണമാണ്. ഒരുപാട് സങ്കടമുണ്ട്. ഇങ്ങനെപെടുത്തുമെന്ന് അറിഞ്ഞില്ല. പലിശ കൊടുക്കാനോ വണ്ടി കിട്ടാനോ വഴിയില്ല. വണ്ടി വേണ്ട. പൈസ തിരികെ കിട്ടായാല്‍ മതി’, പണം നഷ്ടപ്പെട്ട വീട്ടമ്മ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

‘സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു. മൂന്നോ നാലോ പേര്‍ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വണ്ടികിട്ടുമെന്നാണ് പറഞ്ഞത്. വാര്‍ത്തകള്‍ അറിഞ്ഞ് തിരക്കിയപ്പോള്‍ പ്രചരിക്കുന്നത് ഫേക്ക് വാര്‍ത്തകളാണെന്ന് പറഞ്ഞു. വണ്ടിയോ പണമോ നിര്‍ബന്ധമായും കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു’, എന്നായിരുന്നു മറ്റൊരു വീട്ടമ്മയുടെ പ്രതികരണം.

എന്നാല്‍ മന്ത്രി ഇക്കാര്യം നിഷേധിച്ചു. അവരെ പറ്റിച്ചതായിരിക്കുമെന്നും പൊലീസില്‍ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്വേഷിക്കട്ടെ. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന പരിപാടി ഇല്ല. പിഎയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതിനിടെ പാലക്കാട് മുണ്ടൂരില്‍ നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 276 പേരാണ് യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പദ്ധതിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നേതാക്കളുടെ നിയന്ത്രണത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം

മോദിയുടെ യുഎസ് സന്ദർശനത്തെ വാഴ്ത്തി തരൂരിൻ്റെ ലേഖനം; ദേശീയ നേതൃത്വത്തിന് പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ.

തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകില്ലെന്നാണ് സൂചന.

മോദിയുടെയും ട്രംപിന്‍റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്.

മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി; വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കി കെടുത്തി മോഷണം

മലപ്പുറം: വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില്‍ മോഷണം. ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന്‍ (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെയാണ് കവര്‍ന്നത്.

മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കിയാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടാമത്തെ അമേരിക്കൻ വിമാനം ഇന്ന് അമൃത്സറിലെത്തും, തിരിച്ചെത്തുന്നത് 119 പേർ; പ്രതിഷേധവുമായി പഞ്ചാബ്

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ കൂടി ഇന്ന് ഇന്ത്യയിലെത്തും. രണ്ട് വിമാനങ്ങളിലായാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ വിമാനം ഇന്ന് അമൃത്സറിലെ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. അതേ സമയം, യു എസ് വിമാനം അമൃത്‌സറില്‍ ഇറക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്‌സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് ആരോപണം.

അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിഷ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ രംഗത്ത് വന്നിട്ടുണ്ട്. പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ എത്തിയിരുന്നു. ഇത്തവണയും വിമാനങ്ങൾ പഞ്ചാബിലാണ് എത്തുന്നത്. അമൃത്‌സറിനെ നാടുകടത്തൽ കേന്ദ്രമാക്കി മാറ്റുന്നതിനുളള ശ്രമമാണിതെന്നും വിമർശനമുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പകരം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താത്പര്യത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി സംശയമുന്നയിച്ചിരിക്കുന്നത്.

നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്. അറുപത്തിയേഴ് പേരാണ് പഞ്ചാബിൽ നിന്നുള്ളത്. 33 പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. എട്ട് പേർ ഗുജറാത്തിൽ നിന്നും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുകൾ ഉണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെക്സിക്കോ വഴിയും മറ്റ് വഴികളിലൂടെയും അമേരിക്കയിലേക്ക് കടന്നവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഉടൻ തന്നെ അവർ പാസ്‌പോർട്ടുകൾ കീറിക്കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാൽ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

‘വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യം;ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു’; മുഖ്യമന്ത്രി

വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വ്യാജ പ്രചരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവർന്നെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും അത്തരം നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികളുടെ അത്തരം നീക്കങ്ങളെ കേരള സർക്കാർ മറികടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കുന്നു. കേരളം അങ്ങനെയല്ല, വിവിധ ന്യൂന പക്ഷ പദ്ധതികൾക്കായി ഈ സർക്കാർ 106 കോടി രൂപ നീക്കിവച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം നൽകിയിരുന്നു. രാജ്യസഭയിൽ ബിജെപി അംഗം മേധ കുൽക്കർണി സമർപ്പിച്ച റിപ്പോർട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് അംഗീകരിച്ചത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ എത്തിയത്.

24 ദിവസം ‘വെര്‍ച്വല്‍ അറസ്റ്റ്’; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 1.84 കോടി; അന്വേഷണം

തിരുവനന്തപുരം: ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി 52കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പിഎന്‍ നായര്‍ക്കാണ് പണം നഷ്ടമായത്.സിബിഐ ഓഫീസര്‍ ചമഞ്ഞ് വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്.

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എന്നുഭാവിച്ച് ഒരാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനു ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും പറഞ്ഞു. പ്രതിയാകുമെന്ന് ഭയന്ന് ഇവര്‍ പറഞ്ഞ പ്രകാരം പരാതിക്കാരന്‍ പണം അയച്ചുകൊടുക്കുകയായിരുന്നു. 50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കൈമാറിയതെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു. ജനുവരി 14മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്

തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞ പരാതിക്കാരന്‍ വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

റാഗിങ്: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയും, നഴ്‌സിങ് കൗണ്‍സില്‍ തീരുമാനം

കോട്ടയം: കോട്ടയത്തെ നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനം. കോളജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും.

ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതുമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ കോളജ് ഹോസ്റ്റല്‍ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും. കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. അസിസ്റ്റന്റ് വാര്‍ഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തില്‍ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എന്നാണ് ആരോപണം. കോളജിലെത്തി അന്വേഷണം നടത്തിയ നഴ്‌സിങ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.

അതിനിടെ കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കല്‍ കഷ്ണങ്ങളും വിദ്യാര്‍ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

അതിനിടെ റാഗിങിന് ഇരയായ നാല് വിദ്യാര്‍ഥികള്‍ കൂടി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രമായിരുന്നു നേരത്തെ പരാതി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ഡിസംബര്‍ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവൃത്തികള്‍ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു; ആക്രമണത്തിന് ഇരയായത് ലണ്ടനില്‍ നിന്ന് എത്തിയ സഞ്ചാരികള്‍

തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു.

ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു.

വിദേശ സഞ്ചാരികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് വാഹനം റിവേഴ്‌സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ആപ്പോഴെക്കും ആന വാഹനം കുത്തിമറിച്ചിട്ടു. വിചാരിക്കാത്ത ഒരാക്രമണമാതിനാല്‍ സഞ്ചാരികള്‍ ഭയപ്പെട്ടുപോയെന്നും ഡ്രൈവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ടിടി സംഘം ആനയെ കാടുകയറ്റി.

‘എന്തു വിവരങ്ങളാണ് അദ്ദേഹത്തിന്റെ കയ്യിലെന്ന് അറിയില്ല’; തരൂരിന്റെ ലേഖനം തള്ളി വിഡി സതീശന്‍

കൊച്ചി: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തരൂരിന്റെ ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏത് സാഹചര്യത്തിലാണ് തരൂരിന്റെ ലേഖനം എന്നറിയില്ലെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുവിവരങ്ങളും കണക്കുകളുമാണ് അദ്ദേഹത്തിന്റെ കയ്യിലെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?’- സതീശന്‍ ചോദിച്ചു.

തരൂരിന്റെ ലേഖനത്തിന് പിന്നാലെ നന്ദി അറിയിച്ച് വ്യവസായ മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതെത്തിയതുള്‍പ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായി അദ്ദേഹം നോക്കിക്കാണുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തെയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുള്‍പ്പെടെ എത്തിച്ച സംരംഭക വര്‍ഷം പദ്ധതിയേയുമെല്ലാം ഒരു വലിയ മാറ്റമായി അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളില്‍ ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നു. നന്ദി.. കേരളത്തിനായി ഒന്നിച്ചുനില്‍ക്കാം..’ രാജീവ് കുറിച്ചു.

വെള്ളിയാഴ്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തരൂര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണ്.

2021 ജൂലായ് ഒന്നിനും 2023 ഡിസംബര്‍ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം 254 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. ‘രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാന്‍ മൂന്നുദിവസം മതിയാവുമ്പോള്‍ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കില്‍ ആശ്ചര്യകരമായ മാറ്റമാണ്’-തരൂര്‍ വിവരിക്കുന്നു.

കേരളത്തില്‍ അനുമതികള്‍ അവിശ്വസനീയ വേഗത്തിലാണ് നല്‍കുന്നതെന്നത് യാഥാര്‍ഥ്യമാണെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എംപിയുടെ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമാണ്.

’32 വർഷം ഒരുമിച്ച്, നീയാണെന്റെ താങ്ങും തണലും’; വേർപിരിയൽ വാർത്തകൾക്ക് വിരാമമിട്ട് ഒബാമ

വേർപിരിയൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് പരസ്പരം വാലന്റൈൻസ് ദിന ആശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും.

‘മുപ്പത്തിരണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും നിങ്ങളന്‍റെ ശ്വാസം നിലയ്ക്കാൻ കാരണമാകുന്നു, ഹാപ്പി വാലന്‍റൈൻസ് ഡേ’-മിഷേലിനെ ടാഗ് ചെയ്ത് ഒബാമ എക്സിൽ കുറിച്ചു.

ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകൾ ചൂടുപിടിക്കുന്നതിനിടെയാണ് മിഷേലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒബാമ പ്രണയ സന്ദേശം എക്സിൽ കുറിച്ചത്.

എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അത് നിങ്ങളാണ്, നിങ്ങളാണെന്‍റെ താങ്ങും തണലും, എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹാപ്പി വാലന്‍റൈൻസ് ഡേ’ പ്രിയപ്പെട്ടവനേ എന്നായിരുന്നു മിഷേലിന്‍റെ കുറിപ്പ്.

അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്‌റെ വക്കിലാണെന്നുമുള്ള വാർത്തകൾ തള്ളിയാണ് ഇരുവരുടേയും പ്രണയദിനാശംസകൾ.


18 വര്‍ഷത്തിനു ശേഷം ആദ്യമായി ലാഭത്തിലെത്തി ബിഎസ്എന്‍എല്‍

0

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 262 കോടി രൂപയുടെ ലാഭം പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 2007 ന് ശേഷം ആദ്യമായാണ് കമ്പനി ലാഭത്തിലാകുന്നത്. നൂതന ആശയങ്ങള്‍, ശക്തമായ നെറ്റ്വര്‍ക്ക് വിപുലീകരണം, ചെലവ് വെട്ടിക്കുറയ്ക്കല്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിജയത്തിന് കാരണമെന്ന് കമ്പനി പറഞ്ഞു.

”ഈ പാദത്തിലെ ഞങ്ങളുടെ സാമ്പത്തിക പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇത് നവീകരണം, ഉപഭോക്തൃ സംതൃപ്തി, ആക്രമണാത്മക നെറ്റ്വര്‍ക്ക് വിപുലീകരണം എന്നിവയില്‍ ഞങ്ങളുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. ഈ ശ്രമങ്ങളിലൂടെ, സാമ്പത്തിക വര്‍ഷാവസാനത്തോടെ വരുമാന വളര്‍ച്ച 20% കവിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ റോബര്‍ട്ട് ജെ രവി പറഞ്ഞു.

മൊബിലിറ്റി, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈനുകളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ മൂന്നാം പാദത്തിനേക്കാള്‍ യഥാക്രമം 15%, 18%, 14% വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ, കമ്പനിയുടെ സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും കുറയ്ക്കാനായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 1,800 കോടി രൂപയിലധികം കുറയാന്‍ ഇത് സഹായിച്ചു.

നാഷണല്‍ വൈഫൈ റോമിംഗ്, ബിഐടിവി, എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കുമുള്ള സൗജന്യ വിനോദം, എല്ലാ എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കുമായി ഐഎഫ്ടിവി എന്നിങ്ങനെയുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി പുതുമകള്‍ കമ്പനി സമീപകാലത്ത് കൊണ്ടുവന്നു. ഇത് കമ്പനിയുടെ ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തി

1321 ആശുപത്രികളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം; ബിപിഎല്ലുകാർക്ക് സൗജന്യം

0

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്‌ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 5185 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്‌ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാലുപേർക്ക് പുതുജീവനേകി രാജേഷ് മാഷിന്റെ മടക്കം; മരണത്തിലും മാതൃകയായി അദ്ധ്യാപകൻ

0

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അദ്ധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ്. പാരിപ്പള്ളിയിലെ അദ്ധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിക്കുമാണ് നൽകിയത്. നേത്രപടലം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് നൽകി. തീവ്ര ദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം വർക്കല തോപ്പുവിള കുരക്കണ്ണി മുണ്ടേയ്ൽ സ്വദേശിയായ ആർ. രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി എട്ടിന് പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ സംഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെ അവയവദാനത്തിന് വഴിയൊരുങ്ങി.

സർക്കാരിന്റെ അവയവദാന പദ്ധതി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും നടന്നത്. രാജേഷിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വർക്കലയിലെ വീട്ടിൽ നടക്കും.

പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറവേ സ്‌കൂട്ടറില്‍ ലോറിയിടിച്ചു, മുക്കത്ത് ഗൃഹനാഥന് ദാരുണാന്ത്യം

0

കോഴിക്കോട്: കോഴിക്കോട് സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് വലിയ പറമ്പിലുണ്ടായ വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. കാരശ്ശേരി നെല്ലിക്കാപറമ്പ് കൊളക്കാട്ടില്‍ ഹംസ(63) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. മുക്കം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ഹംസ സ്കൂട്ടറുമായി ഇടറോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോള്‍ അതുവഴി വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷബി. മക്കള്‍: മെഹറുഷ മിലു, മെന്ന ഷെറിന്‍, അല്ലു ശഹബ, നിയാ നൗറിന്‍, യമിന്‍ മുഹമ്മദ്.