കൊച്ചി: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തരൂരിന്റെ ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏത് സാഹചര്യത്തിലാണ് തരൂരിന്റെ ലേഖനം എന്നറിയില്ലെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുവിവരങ്ങളും കണക്കുകളുമാണ് അദ്ദേഹത്തിന്റെ കയ്യിലെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?’- സതീശന്‍ ചോദിച്ചു.
തരൂരിന്റെ ലേഖനത്തിന് പിന്നാലെ നന്ദി അറിയിച്ച് വ്യവസായ മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതെത്തിയതുള്‍പ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായി അദ്ദേഹം നോക്കിക്കാണുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തെയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുള്‍പ്പെടെ എത്തിച്ച സംരംഭക വര്‍ഷം പദ്ധതിയേയുമെല്ലാം ഒരു വലിയ മാറ്റമായി അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളില്‍ ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നു. നന്ദി.. കേരളത്തിനായി ഒന്നിച്ചുനില്‍ക്കാം..’ രാജീവ് കുറിച്ചു.
വെള്ളിയാഴ്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തരൂര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണ്.
2021 ജൂലായ് ഒന്നിനും 2023 ഡിസംബര്‍ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം 254 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. ‘രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാന്‍ മൂന്നുദിവസം മതിയാവുമ്പോള്‍ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കില്‍ ആശ്ചര്യകരമായ മാറ്റമാണ്’-തരൂര്‍ വിവരിക്കുന്നു.
കേരളത്തില്‍ അനുമതികള്‍ അവിശ്വസനീയ വേഗത്തിലാണ് നല്‍കുന്നതെന്നത് യാഥാര്‍ഥ്യമാണെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എംപിയുടെ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമാണ്.