കണ്ണൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്ന് നേതാക്കള്‍; സുധാകരന് പിന്തുണ

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റത്തില്‍ കെ സുധാകരനെ പിന്തുണച്ച് നേതാക്കള്‍. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്തകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവും ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.


ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചിട്ടുള്ള നാളത്തെ യോഗം നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. സംസ്ഥാനത്തെ നേതൃമാറ്റക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അന്തിമമാണ്. നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് സംഘടനാ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. വാര്‍ഡ് തലത്തില്‍ കുടുംബസംഗമങ്ങളെല്ലാം നല്ല നിലയില്‍ രീതിയില്‍ നടക്കുന്നുണ്ട്. നല്ല ജനപങ്കാളിത്തവുമുണ്ട്. ശശി തരൂര്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി കോടതി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി കോടതി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്.

തുടർന്ന് ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് ചെന്താമരയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

പ്രതിപക്ഷം പൂർണപിന്തുണ നൽകിയിട്ടും ലഹരിമാഫിയയെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് തണുപ്പൻ നയം: വി‍‍ഡി സതീശൻ

തിരുവനന്തപുരം:  ലഹരി വർധിക്കുന്നത് സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ വളരെ ലാഘവത്വത്തോടെയുള്ള മറുപടിയാണ് എക്‌സൈസ് മന്ത്രി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്.

കേരളം അപകടത്തിലാണ്. ലഹരി മരുന്ന് വ്യാപനം തടയുന്നതാകണം സംസ്ഥാനത്തിന്റെ മുൻഗണന. എൻഫോഴ്‌സ്‌മെന്റ് പരാജയമാണ്.

വിമുക്തിയെന്ന ബോധവത്ക്കരണ പരിപാടി ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. എം.ഡി.എം.എ ഉൾപ്പെടെയുള്ള എല്ലാ രാസലഹരികളും കേരളത്തിൽ സുലഭമാണ്. അക്രമങ്ങൾ വർധിക്കുകയാണ്. അക്രമത്തിന്റെ സ്വഭാവവും മാറി. പല അക്രമങ്ങളും മറച്ചുവയ്ക്കപ്പെടുകയാണ്.

ലഹരമാഫിയയെ പ്രതിരോധിക്കാൻ പ്രതിപക്ഷം പൂർണപിന്തുണ നൽകിയിട്ടും സർക്കാരിന് തണുപ്പൻ നയമാണ്.

ലഹരി വ്യാപനം കേരളത്തെ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അപകടത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം;  അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.  മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

പാങ്ങോട് പൊലീസ് മെഡിക്കൽ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി നെടുമങ്ങാട് കോടതിയിലേക്ക് പോകും.

കടം നൽകിയവർ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നോ എന്നന്വേഷിക്കാനും മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നീക്കമാരംഭിച്ചു.

അതേസമയം അഫാൻറെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

ചിറ്റൂരിൽ രണ്ട് ഷാപ്പുകളിലെ കള്ളിൽ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്‍റെ സാന്നിധ്യം; ലൈസൻസിക്കെതിരെ കേസ്

0

ചിറ്റൂർ: പാലക്കാട് ഷാപ്പിൽ നിന്നും പരിശോധനയ്ക്കെടുത്ത കള്ളിൽ മായം. ചിറ്റൂർ റേഞ്ചിൽഎക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ്  മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഫ് സിറപ്പിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാപ്പിൽ നിന്നും സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ  മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.

രഞ്ജി ട്രോഫി ഫൈനല്‍: വമ്പൻ തിരിച്ചുവരവുമായി കേരളം; 8 വിക്കറ്റ് എറിഞ്ഞിട്ടു; വിദര്‍ഭക്ക് കൂട്ടത്തകര്‍ച്ച

0

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ദിനം ശക്തമായി തിരിച്ചുവന്ന് കേരളം. നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയുടെ നാലു വിക്കറ്റുകള്‍ ആദ്യ സെഷനില്‍ പിഴുതാണ് കേരളം ശക്തയാമി തിരിച്ചുവന്നത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളത്തിനെതിരെ വിദര്‍ഭ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സുമായി ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറും ഹര്‍ഷ് ദുബെ(0)യും ക്രീസില്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിൾ ടോമും എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്‍റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക്‌ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാകകുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്‌മാന്‍ യഷ് താക്കൂറിനെ എല്‍ബിയിലും ബേസില്‍ കുടുക്കി. യഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി.പിന്നാലെ യഷ് റാത്തോഡിനെ (3*) എന്‍ പി ബേസിലും അക്ഷയ് കനെവാറിനെ(12) ജലജ് സസ്കേനയും പുറത്താക്കി.

ആറ് വര്‍ഷത്തിനുശേഷം സെഞ്ചുറിയടിച്ചിട്ടും ഇംഗ്ലണ്ട് തോറ്റു, കണ്ണീരടക്കാനാവാതെ ജോ റൂട്ട്

നാല് വിക്കറ്റിന് 254 റൺസെന്ന നിലയിലാണ് രണ്ടാം ദിനം വിദർഭ ബാറ്റിംഗ് പുനരാരംഭിച്ചത്. 259 പന്തില്‍ 138 റൺസുമായി ഡാനിഷ് മലേവാറും 13 ബോളുകളില്‍ അഞ്ച് റൺസുമായി നൈറ്റ് വാച്ച്മാൻ യഷ് താക്കൂറുമായിരുന്നു ക്രീസിൽ. വിദര്‍ഭ ഇന്നിംഗ്സിലെ 90-ാം ഓവറിലെ അവസാന പന്തില്‍ ഏദന്‍ ആപ്പിളിനെ സിക്‌സറിന് പറത്തി 273 ബോളുകളില്‍ അനായാസം മലേവാര്‍ 150 റണ്‍സ് തികച്ചു. എന്നാല്‍ 96-ാം ഓവറില്‍ എന്‍ പി ബേസില്‍ കുറ്റി പിഴുത് ഡാനിഷ് മലേവാറിന്‍റെ മാരത്തണ്‍ ഇന്നിംഗ്സ് (285 പന്തില്‍ 153) അവസാനിപ്പിച്ചു. വീണ്ടും പന്തെടുത്തപ്പോള്‍ യഷ് താക്കൂറിന്‍റെ പ്രതിരോധവും ബേസില്‍ അവസാനിപ്പിച്ചു. 60 ബോളുകള്‍ ക്രീസില്‍ ചിലവഴിച്ച യഷ് 25 റണ്‍സാണ് നേടിയത്.

രൂപ എങ്ങോട്ട്?, വീണ്ടും മൂല്യം ഇടിഞ്ഞു; 14 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ നേട്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 87.33 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

കഴിഞ്ഞ ദിവസമാണ് രൂപ വീണ്ടും 87 കടന്നത്. ചൊവ്വാഴ്ച 47 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ 87 കടന്ന് മൂല്യം ഇടിഞ്ഞത്. 87.19ലാണ് ചൊവ്വാഴ്ച രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും മാസവസാനമായത് കൊണ്ട് ഇറക്കുമതിക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് കാരണം. കൂടാതെ യുഎസ് വ്യാപാര താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും രൂപയെ ബാധിച്ചു.

അതിനിടെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 231 പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. പ്രധാനമായി ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

സ്വര്‍ണ വിലയില്‍ നേരിയ കുറവ്! ഇന്നത്തെ വില അറിയാം

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്.  പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്.

ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. അര്‍ബുദബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പി രാജു മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി രോഗം അതീവ ഗുരുതരമായതോടെ പി രാജുവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

കരിമണല്‍ ഖനന വിഷയത്തില്‍ പി രാജു പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനം ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപന നിലപാടിന് വിരുദ്ധമായ കാഴ്ചപ്പാടാണ് ലേഖനത്തിലുള്ളതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെ പി രാജുവിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് പി രാജു മാധ്യമങ്ങളോട് പറഞ്ഞതും അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

വന്‍ ജനപ്രവാഹം; ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തത് 64 കോടി ഭക്തര്‍

0

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹം. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ തീര്‍ത്ഥടക സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍, ജനുവരി 13 ന് കുംഭ മേള ആരംഭിച്ച ശേഷം 63.36 കോടി തീര്‍ത്ഥാടകര്‍ പുണ്യസ്നാനം ചെയ്തു എന്നാണ് കണക്കുകള്‍. കഴിഞ്ഞ 10 ദിവസങ്ങളില്‍ പ്രതിദിനം 1.25 കോടി യോളം തീര്‍ത്ഥാടകര്‍ സ്‌നാനത്തിനെത്തി. അവസാന ദിനമായ മഹാശിവരാത്രി സ്‌നാനത്തിനായി 2 കോടി യോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിലുമേറെ തീര്‍ത്ഥടകര്‍ ത്രിവേണി സംഗമത്തില്‍ എത്തി.

മഹാകുംഭ മേളയിലെ ആറ് അമൃത സ്‌നാനങ്ങളില്‍, പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌നാനമാണ് മഹാശിവരാത്രിയിലേത്. വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയത്. നേരത്തെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. പ്രയാഗ് രാജില്‍ നിന്നും 350 ഓളം പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചു. 2027ല്‍ നാസിക്കില്‍ ആകും അടുത്ത കുംഭ മേള. 2031 ലാകും പ്രയാഗ് രാജില്‍ വീണ്ടും കുംഭ മേള നടക്കുക

പത്തോളം ‘ന്യൂജെന്‍’ ഗായകര്‍ ലഹരിയുടെ പിടിയില്‍? പലര്‍ക്കും ശരിക്ക് പാടാന്‍ പോലുമാകുന്നില്ലെന്ന് എക്‌സൈസ്

നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പത്തിലധികം പുതുതലമുറ ഗായകരെ നിരീക്ഷിച്ച് എക്‌സൈസ്. ഇവര്‍ പരിപാടികളുടെ മറവില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പരിപാടികള്‍ക്ക് മുന്‍പും ശേഷവും ചില ന്യൂജന്‍ ഗായകര്‍ രാസലഹരി ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി നല്‍കുന്നുവെന്നുമാണ് എക്‌സൈസിന് ലഭിച്ച വിവരം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പത്തോളം ഗായകരെ പ്രത്യേകം നിരീക്ഷിക്കാനാണ് എക്‌സൈസിന്റെ നീക്കം.

അമിത ലഹരി ഉപയോഗം മൂലം പണം വാങ്ങിയേറ്റെടുത്ത പരിപാടി മുഴുവനാക്കാന്‍ പോലും പല ഗായകര്‍ക്കും കഴിയുന്നില്ലെന്നും പ്രാഥമിക പരിശോധനയില്‍ എക്‌സൈസ് കണ്ടെത്തി. പലര്‍ക്കും ശരിക്ക് പാടാനോ പെര്‍ഫോം ചെയ്യാനോ കഴിയുന്നില്ല. പരിപാടി പകുതിവച്ച് നിര്‍ത്തി മടങ്ങേണ്ടതായി വരുന്നു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഗായകരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഇവരുടെ മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കും.

ഫര്‍സാനയുടെ മാലയും പണയം വെച്ചു, പകരം നല്‍കിയത് മുക്കുപണ്ടം; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് വിലയിരുത്തല്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഫാന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കുടുംബത്തിന് കടം നല്‍കിയവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കിയിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുടുംബം കടക്കെണിയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ, കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 12 പേര്‍ക്ക് വന്‍ തുകകള്‍ നല്‍കാനുണ്ട്. ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായിട്ടില്ല.

പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് പിടിച്ചു നിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞതോടെ പലരും പണം നല്‍കാെതയുമായി. അര്‍ബുദരോഗബാധിതയായ അഫാന്റെ ഉമ്മ ഷെമിയുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയായി. ഇതേത്തുടര്‍ന്ന് കൂട്ട ആത്മഹത്യയെപ്പറ്റി പോലും ആലോചിച്ചിരുന്നു. അമ്മൂമ്മയെ കൊലപ്പെടുത്തി എടുത്തുകൊണ്ടുപോയ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്നും നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

രാസ ലഹരിയുമായി ഏഴ് യുവാക്കൾ പിടിയിൽ

രാസ ലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വൈറ്റില സ്വദേശി അരുൺ കെ എസ് (28), കോട്ടയം സ്വദേശി അലക്സ് കുരിയൻ (32), എറണാകുളം സ്വദേശി നിവിൻ ജേക്കബ് (27), വൈറ്റില സ്വദേശി മുഹമ്മദ് ബസ്സാം (27), രാജേഷ് ചെല്ലപ്പൻ (31) തമ്മനം സ്വദേശി പ്രണവ് പ്രസാദ് (30), ആലപ്പുഴ സ്വദേശി സച്ചിൻ (27) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.

വിൽപ്പന നടത്തുന്നതിന് മാരക ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശാനുസരണം പാലാരിവട്ടം ഇൻസ്പെക്ടർ രൂപേഷ് കെആറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരിശങ്കർ, എഎസ്ഐ ഇഗ്നേഷ്യസ്, എസ്സിപിഒമാരായ പ്രശാന്ത്, അരുൺകുമാർ, സിപിഒമാരായ ദിനു, ശ്രീക്കുട്ടൻ എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ  പിടികൂടിയത്. തമ്മനം നളന്ദ റോഡിൽ റിയാൻ സ്യുട്ട്  എന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ്. 24.40 ഗ്രാം എംഡിഎംഎയും 37.10 ഗ്രാം ഗഞ്ചാവുമായി പ്രതികൾ പിടിയിലായത്.

കൊച്ചിയിൽ കഞ്ചാവുമായി യുവതി പിടിയിൽ

കൊച്ചിയിൽ ആറു കിലോ കഞ്ചാവുമായി യുവതി പിടിയിൽ. കർണാടക സ്വദേശി ഹേമൽ പത്താംജിനെ (36)  കൊച്ചി സിറ്റി പോലിസാണ് പിടികൂടിയത്.

വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ എസിപി കെ എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം കാക്കനാട് പോയ്ച്ചിറ ഭാഗത്ത് ചിറമേൽ റോഡിൽ കാർത്തിക റെസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് 6.032 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്