കൊച്ചി മെട്രോ ഇനി സ്മാർട്ട് സിറ്റിയിലേക്കും; രണ്ടാം ഘട്ടത്തിന് അംഗീകാരം

കൊച്ചി: ഐടി ഹബ്ബായ കാക്കനാട് മേഖലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടി കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന് സ്മാർട്ട് സിറ്റിയിലേക്ക് നീട്ടുന്നു. സ്മാർട്ട് സിറ്റിയിലേക്ക് പദ്ധതി നീട്ടുന്നതിനുള്ള നിർദ്ദേശത്തിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഘട്ട പാതയ്ക്കായുള്ള സ്ഥലം കണ്ടെത്തൽ നടപടികൾ പൂർത്തിയായി. സ്ഥലം കൈമാറുന്നതിനുള്ള തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിൽ അഞ്ച് സ്റ്റേഷനുകളുടെ നിർമ്മാണം ജൂലൈ മാസത്തിൽ തന്നെ അവസാനിക്കും. ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാതയ്ക്ക് പിന്നാലെ സ്മാർട്ട് സിറ്റി കൂടി ഉൾപ്പെടുന്നത് ആയിരക്കണക്കിന് ഐടി ജീവനക്കാർക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്ന മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) മാർച്ച് 14-ന് സമർപ്പിക്കും. മൂന്നാം ഘട്ടത്തിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണയിലെത്തിയിട്ടുണ്ട്.

ഇന്ത്യ–യുഎസ് വ്യാപാര കരാർ;  ഇന്ത്യൻ കയറ്റുമതിക്ക് പുത്തൻ സാധ്യതകൾ തുറക്കുമെന്ന് പീയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്ക് പുത്തൻ സാധ്യതകൾ തുറക്കുമെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. എംഎസ്എംഇ മേഖല, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരെ ഉൾപ്പെടെ നിരവധി മേഖലകൾക്ക് 30 ട്രില്യൺ ഡോളർ മൂല്യമുള്ള വിപണിയാണ് ഈ കരാറിലൂടെ ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറായതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

കരാർ പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും പീയൂഷ് ഗോയൽ അറിയിച്ചു. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, തിരഞ്ഞെടുത്ത യന്ത്രങ്ങൾ തുടങ്ങിയ മേഖലകളിലാണ് നികുതി നിരക്ക് 18 ശതമാനമായി കുറയുക.

ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്‌നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ പൂജ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ത്യൻ കയറ്റുമതി മേഖലയിലെ മത്സരശേഷി വർധിക്കുമെന്നും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ ഊർജം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാന ഭാഗങ്ങളുടെ ഇറക്കുമതിയിൽ ഇളവുകൾ, വാഹന ഭാഗങ്ങൾക്ക് താരിഫ് ക്വാട്ട, ജനറിക് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ അവസരങ്ങൾ എന്നിവയും കരാറിലൂടെ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, എത്തനോൾ, പുകയില, ചില പച്ചക്കറികൾ, മാംസം എന്നിവ ഉൾപ്പെടെയുള്ള കാർഷിക-പാൽ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നതായും അദ്ദേഹം പറഞ്ഞു. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവന മാർഗങ്ങൾ നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും പീയൂഷ് ഗോയൽ അവകാശപ്പെട്ടു.

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി അനിശ്ചിതത്വത്തില്‍

മലപ്പുറം:  ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി അനിശ്ചിതത്വത്തില്‍. അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും വ്യക്തതയില്ല. ഇന്നലെ രാജ്യസഭയില്‍ എംപിമാരായ ഹാരിസ് ബീരാനും ജോണ്‍ ബ്രിട്ടാനും ഇ ശ്രീധരന്റെ ‘റോള്‍’ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു.

‘അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരെ എന്തെങ്കിലും ചുമതല ഏല്‍പിച്ചിട്ടുണ്ടോ’ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പദ്ധതി പ്രഖ്യാപിക്കാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പൊന്നാനിയില്‍ ഇ ശ്രീധരന്‍ തുറന്ന ഓഫീസിന്റെ പ്രവര്‍ത്തനവും വഴിമുട്ടി.

ഓഫീസ് തുറന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ഡിഎംആര്‍സിയുടെ ഉദ്യോഗസ്ഥര്‍ എത്തുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞിരുന്നത്. പദ്ധതിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ സംസ്ഥാന ബിജെപി നേതാക്കളും ആശയക്കുഴപ്പത്തിലാണ്.

ആഭരണപ്രേമികളെ ആശങ്കയിലാക്കി വീണ്ടും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.കുറച്ചു ദിവസങ്ങളായി താഴേക്ക് വന്ന സ്വർണ വിലയാണ് വീണ്ടും കുതിച്ചുയർന്നിരിക്കുന്നത്. ഒരു പവന് 2120 രൂപ വർധിച്ച് 1,14,840 രൂപ എന്ന നിലക്കാണ് ഇന്നത്തെ സ്വർണവില.ഒരു ഗ്രാമിന് 265 രൂപ ഉയര്‍ന്ന് 14,355 രൂപയിലേക്കും വിലയെത്തി.

അതേസമയം, വെള്ളിവിലയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എങ്കിലും അവിടെയും ആശ്വാസത്തിന് വകയില്ല. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയര്‍ന്ന് 285 രൂപയിലേക്കും, ഒരു കിലോ വെള്ളിക്ക് 5,000 രൂപ ഉയര്‍ന്ന് 2,85,000 രൂപയിലേക്കും വിലയെത്തി.വ്യാവസായിക ആവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വെള്ളിവില ഇനിയും ഉയരും. സ്വര്‍ണത്തേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് നിലവില്‍ വെള്ളിയുടെ വിലക്കയറ്റം.

ബലാത്സംഗം ചെയ്തത് കത്തിമുനയിൽ നിർത്തി; പൊലീസിനു നേരേ നായയെ അഴിച്ചുവിട്ടു; തിരുവല്ല കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

0

തിരുവല്ല: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തി ജീവനക്കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിൽ അന്വേഷണം നടത്താനെത്തിയ പൊലീസിനുനേരേ ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ (29) വളർത്തുനായയെ അഴിച്ചുവിടുകയും ചെയ്തിരുന്നു. തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണനും സിപിഒ അഭിലാഷും എത്തിയപ്പോഴാണ് ഇയാൾ നായയെ അഴിച്ചുവിട്ടത്. നായയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഇവർ ബവപ്രയോ​ഗത്തിലൂടെയാണ് സുബിനെ പിടികൂടി അറസ്റ്റ് ചെയ്തത്.

മഞ്ഞാടിയിലുള്ള സ്പായിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് സംഭവം നടന്നത്. കാപ്പാ കേസിൽ പ്രതിയായ ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും സംഘവും നേരത്തേ തന്നെ പലതവണ സ്പായിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തവണ 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഉടമ തള്ളി. തുടർന്ന് സംഘം ഭീഷണിയുമായി സ്ഥാപനത്തിലെത്തി.

ഭീഷണിക്ക് പിന്നാലെ ഒരു ജീവനക്കാരിയെ രണ്ടുപേർ ചേർന്ന് ബലമായി ഉപദ്രവിക്കുകയും, പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും, പിന്നീട് മറ്റൊരു ജീവനക്കാരിയെയും സ്ഥാപനത്തിലെത്തിയ ഒരാളെയും ഒപ്പം നിർത്തി ദൃശ്യങ്ങൾ എടുത്തതായും പൊലീസ് വ്യക്തമാക്കി.

സംഘം മടങ്ങുമ്പോൾ മറ്റൊരു ജീവനക്കാരിയുടെ കൈവശമുണ്ടായിരുന്ന 2,500 രൂപയും കൈക്കലാക്കി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഉടൻ പരാതി നൽകാൻ സ്ഥാപന അധികൃതർ തയാറായില്ല. പിറ്റേന്നാണ് വിവരം പൊലീസിലെത്തിയത്. തുടർന്ന് മൂന്നാം തീയതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് സുബിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ തിരുവല്ല മുപ്പിരി സ്വദേശി ബെർലിൻ ദാസ് (38) നെയും പൊലീസ് പിടികൂടി. നാല് പേർ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിലായ രണ്ട് പ്രതികളും നിലവിൽ റിമാൻഡിലാണ്. ഒന്നാം പ്രതി സുബിൻ കൊലപാതകശ്രമം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ടാമൻ ബെർലിൻ ദാസ് ദേഹോപദ്രവക്കേസിൽ പ്രതിയാണ്.

നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ: റൂട്ട് മാപ്പ് പുറത്തിറക്കി

0

കൊച്ചി: നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി.
റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ബൈജു പോൾ, ശബരി നായർ, ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ എന്നിവർ ചേർന്നാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.
മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങി എം.ജി റോഡ്, തേവര ജംഗ്ഷൻ, ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിംഗ് റോഡ്, ഫോർഷോർ റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, കലമുക്ക് ജംഗ്ഷൻ, വല്ലാർപാടം ഐസിടി ഹൈവേ, കോതാട് – മൂലമ്പിള്ളി പാലം, വല്ലാർപാടം ജംഗ്ഷൻ, ഗോശ്രീ പാലം, ചാത്യാത്ത് റോഡ്, മറൈൻ ഡ്രൈവ്, ദർബാർ ഹാൾ റോഡ്, എം.ജി റോഡ് വഴി വീണ്ടും മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തന്നെ സമാപിക്കുന്ന രീതിയിലാണ് റൂട്ടിൻ്റെ ക്രമീകരണം.

ഫെബ്രുവരി എട്ടിന് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തൺ അഞ്ച് മണിക്കും പത്ത് കിലോമീറ്റർ റൺ ആറു മണിക്കും മൂന്ന് കിലോമീറ്റർ രാവിലെ 7 നും ആരംഭിക്കും.

റണ്ണേഴ്സിൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു. ഡോക്ടർമാർ, നഴ്സസ്, പാരമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറിലധികം ആരോഗ്യ പ്രവർത്തകരാണ് പരിചരണത്തിനായുള്ളത്. വിവിധയിടങ്ങളിലായി പത്ത് മെഡിക്കൽ പോയിന്റുകളും അഞ്ച് ആംബുലൻസും സജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാരത്തൺ ദിനത്തിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി കൊച്ചി മെട്രോ സൗജന്യ യാത്രയും പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ക്ലിയോ സ്പോർട്സ് ഡയറക്ടർ ബൈജു പോൾ പറഞ്ഞു. ഫെബ്രുവരി എട്ടിന് പുലർച്ചെ മൂന്ന് മുതൽ മെട്രോ സർവീസ് ആരംഭിക്കും. ആലുവയിൽ നിന്ന് നാലു സർവീസും തൃപ്പൂണിത്തറയിൽ നിന്ന് രണ്ട് സർവീസുമാണ് നടത്തുക.

മൂന്നു മണിക്ക് ശേഷം 4.30, 5.00, 5.30 എന്നീ സമയങ്ങളിലും ആലുവയിൽ നിന്ന് സർവീസ് ഉണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന് മൂന്നു മണിക്ക് ശേഷം അഞ്ചു മണിക്കാകും പ്രത്യേക സർവീസ് നടത്തുക. സൗജന്യ യാത്രയ്ക്കായി ഔദ്യോഗിക ‘മാരത്തൺ ബിബ്’ കാണിച്ചാൽ മതിയാകും. തിരികെയുള്ള യാത്ര രാവിലെ 11 മണി വരെ സൗജന്യമാണ്. കെഎംആർഎൽ നൽകുന്ന ഈ പിന്തുണ മാരത്തണിന്റെ വിജയത്തിന് വലിയ മുതൽക്കൂട്ടാണെന്നും ബൈജു പോൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ കൺസൾട്ടൻ്റ് ഡോ. സാവിത്രി, ആസ്റ്റർ മെഡ്സിറ്റി സ്പോർട്സ് മെഡിസിൻ കൺസൾട്ടൻ്റ് ഡോ. സിദ്ധാർത്ഥ് ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തു.

ഐഎംഎഫ് വായ്പാ നിബന്ധനകളിൽ ഇളവ് തേടി ഉക്രെയ്ൻ; നികുതി പരിഷ്കാരങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് നീക്കം

അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പുതിയ വായ്പ ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള കർശന നിബന്ധനകളിൽ ഇളവ് തേടി ഉക്രെയ്ൻ സർക്കാർ രംഗത്തെത്തി. രാജ്യത്ത് വലിയ ജനരോഷത്തിന് കാരണമായ പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലാണ് ഉക്രെയ്ൻ വിട്ടുവീഴ്ച ആവശ്യപ്പെടുന്നത്. 8.1 ബില്യൺ ഡോളറിന്റെ പുതിയ വായ്പാ പാക്കേജ് സ്വന്തമാക്കാൻ ഈ നിബന്ധനകൾ പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് ഉക്രെയ്ൻ ഈ നീക്കം നടത്തുന്നത്.
സ്വയം തൊഴിൽ ചെയ്യുന്നവർക്കും ചെറുകിട സംരംഭകർക്കും പുതിയ നികുതി ഏർപ്പെടുത്തണമെന്നതാണ് ഐഎംഎഫിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. യുദ്ധം അവസാനിക്കുന്നത് വരെ ഈ നികുതി നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്നാണ് ഉക്രെയ്നിന്റെ ആവശ്യം. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പുതിയ നികുതികൾ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വരുമാനമുണ്ടാക്കുന്നവർക്കും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കും പുതിയ നികുതികൾ കൊണ്ടുവരണമെന്ന് ഐഎംഎഫ് നിർദ്ദേശിച്ചിരുന്നു. എന്നാൽ പാർലമെന്റിൽ ഇത്തരം ബില്ലുകൾ പാസാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കാത്തത് വോളോഡിമിർ സെലെൻസ്‌കി സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു. ജനപ്രീതി കുറയ്ക്കുന്ന തീരുമാനങ്ങൾ എടുക്കാൻ പാർലമെന്റ് അംഗങ്ങൾ വിമുഖത കാണിക്കുന്നതാണ് പ്രധാന തടസ്സം.

യൂറോപ്യൻ യൂണിയനിൽ നിന്ന് ലഭിക്കാനുള്ള 90 ബില്യൺ യൂറോയുടെ സഹായം ഈ ഐഎംഎഫ് വായ്പയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വായ്പ ലഭിച്ചില്ലെങ്കിൽ ഏപ്രിലോടെ ഉക്രെയ്നിന്റെ ഖജനാവ് കാലിയാകുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നിബന്ധനകളിൽ ഒരു മധ്യസ്ഥത കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കീവ്.
റഷ്യയുമായുള്ള യുദ്ധം നീണ്ടുപോകുന്നത് ഉക്രെയ്നിന്റെ സാമ്പത്തിക അടിത്തറയെ തകർത്തിരിക്കുകയാണ്. 2026-2027 കാലയളവിൽ ഉക്രെയ്നിന്റെ വിദേശ സാമ്പത്തിക സഹായത്തിന്റെ ആവശ്യകത 135 ബില്യൺ യൂറോയായി ഉയരുമെന്ന് ഐഎംഎഫ് കണക്കാക്കുന്നു. ഇത് സർക്കാരിന്റെ മുൻ കണക്കുകളേക്കാൾ വളരെ കൂടുതലാണ്.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതോടെ സഹായം കുറഞ്ഞത് ഉക്രെയ്നിന് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനും ഐഎംഎഫും മാത്രമാണ് ഉക്രെയ്നിന്റെ ഏക ആശ്രയം. നികുതി നിബന്ധനകളിൽ അയവ് വരുത്താൻ ഐഎംഎഫ് തയ്യാറായില്ലെങ്കിൽ രാജ്യം വലിയ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

സിൽവര്‍ ലൈൻ പ്രായോഗികമല്ല, കേരളത്തിന് താൽപര്യമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം’, അശ്വനി വൈഷ്ണവ് രാജ്യസഭയിൽ

ഡൽഹി: കേരള സർക്കാരിന്റെ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കി. സിൽവർ ലൈൻ പ്രായോഗികമല്ലെന്നും നടപ്പിലാക്കാൻ കഴിയില്ലെന്നും സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി.

ആർആർടിഎസ് – ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണം. ആർആർടിഎസോ, അതിവേഗ പദ്ധതിയോ കേന്ദ്ര സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍റെ ചോദ്യം.

സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയിൽവേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം. എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.

ഭൂമി ഏറ്റെടുത്ത് നൽകണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. സർക്കാർ സഹകരണം വളരെ കുറവാണ്. ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

കൊറിയൻ കാമുകനും 16കാരിയുടെ ആത്മഹത്യയും:  ഉത്തരം കിട്ടാതെ പൊലീസ്

കൊച്ചി:  16കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ത്? ഉത്തരം കിട്ടാതെ പൊലീസും സ്കൂൾ അധികൃതരും. ‌‌‌

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിച്ചതെന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ കുറിപ്പ്. മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും കുട്ടിയുടെ ഫോൺ തുറന്നു പരിശോധിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ല.

വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ പെൺകുട്ടിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യാണ് മരിച്ചത്.

ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് ബലമായ സംശയം. അക്കൗണ്ടിൽ ആകെ 12 ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അധ്യാപകർ പറയുന്നു. കൊറിയൻ യുവാവിന്റെ പ്രണയച്ചതിയിൽ ഉൾപ്പെട്ട കൂടുതൽ കുട്ടികൾ ഉണ്ടോ എന്നതിൽ അധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

രാഹുലിനെതിരായ ബലാത്സംഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ.മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെന്നി.

നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേ. തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണം.

അതേസമയം, തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും ഫെന്നി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു.

സമ്മതം അറിയിച്ച് സർവീസ് സംഘടനകൾ; സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ ധാരണ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്നതിന് സർവീസ് സംഘടനകൾ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രതിപക്ഷ സംഘടനകളടക്കം ഇക്കാര്യത്തിൽ ഏകോപനം ഉണ്ടായത്. എന്നാൽ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതിനൊപ്പം നിലവിലുള്ള അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കരുതെന്ന ആവശ്യം എല്ലാ സംഘടനകളും മുന്നോട്ടുവച്ചു.

ശമ്പള പരിഷ്കരണ കമ്മീഷനും ഭരണപരിഷ്കരണ കമ്മീഷനും നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ ആലോചന നടത്തുന്നത്. പൊതുഅവധി ദിനങ്ങളും കാഷ്വൽ ലീവുകളും പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്.

നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള പ്രവൃത്തി സമയം 9.30 മുതൽ 5.30 വരെ ആക്കുന്നതും ചർച്ചയിലുണ്ട്. പ്രവൃത്തി സമയം വർധിപ്പിക്കുന്നതിൽ സംഘടനകൾക്ക് എതിർപ്പില്ലെങ്കിലും അവധി വെട്ടിക്കുറയ്ക്കരുതെന്ന നിലപാടിലാണ് അവ തുടരുന്നത്.

മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ കൊച്ചി സിറ്റി പോലീസിന് സലൈവ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്


കൊച്ചി: വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനും ലഹരിക്കടിമപ്പെടുന്ന പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുമായാണ് കൊച്ചി സിറ്റി പോലീസിന് സലൈവ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് കൈമാറുന്നത്. റോട്ടറി ക്ലബ് കണ്ണൂർ സീ സൈഡ്, വാൾക്കരോ ഫൗണ്ടേഷന്റെ CSR ഫണ്ടുപയോഗിച്ചാണ് കിറ്റ് നൽകുന്നത്.
ഫെബ്രുവരി 7-ന് (ശനി) കളമശ്ശേരി കുസാറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ IPS അധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി ശ്രീ രവഡ എ. ചന്ദ്രശേഖർ IPS, വാൾക്കരോ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ വി. നൗഷാദ് എന്നിവർ മുഖ്യാതിഥികളാകും.


ചടങ്ങിൽ മുൻ സംസ്ഥാന പോലീസ് മേധാവിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ ലോക്നാഥ് ബെഹ്‌റ IPS, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ പുട്ട വിമലാദിത്യ IPS, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.


റോട്ടറി പോലീസ് എൻഗേജ്മെന്റ് (ROPE) പദ്ധതിയുടെയും ഫൗണ്ടേഷൻ പോലീസുമായി ചേർന്ന് നടത്തുന്ന മയക്കുമരുന്ന് വിരുദ്ധ വാൾക്കരോ കൂട്ടായ്മയുടെയും ഭാഗമായാണ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് കൈമാറുന്നത്. ഉമിനീർ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താൻ സഹായിക്കുന്ന SOTOXA സലൈവ ഡ്രഗ് അനലൈസർ പരിശോധന കിറ്റുകളാണ് കൊച്ചി സിറ്റി പോലീസിന് കൈമാറുന്നത്.

‘കാശ്മീർ പാകിസ്താന്റെ ഭാഗമാകും’; വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ച് ഷെഹ്ബാസ് ഷരീഫിന്റെ പ്രസംഗം

മുസാഫറാബാദ്: കാശ്മീർ പാകിസ്താന്റെ ഭാഗമാകുമെന്ന പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പാക് അധീന കാശ്മീരിലെ മുസാഫറാബാദിൽ നടന്ന കാശ്മീർ സോളിഡാരിറ്റി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീരി ജനതയ്ക്കുള്ള പാകിസ്താന്റെ “അചഞ്ചല പിന്തുണ” ആവർത്തിച്ച ഷെഹ്ബാസ്, തർക്കഭൂമിയായ കാശ്മീറിനെക്കുറിച്ചുള്ള ഇസ്ലാമാബാദിന്റെ പഴയ നിലപാട് വീണ്ടും ആവർത്തിച്ചു.ജമ്മു-കാശ്മീർ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത് കാശ്മീരി ജനതയുടെ ആഗ്രഹങ്ങൾ മാനിച്ചും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കിയും ആണെന്ന് അദ്ദേഹം പറഞ്ഞു.

“പാകിസ്താൻ ജനതയുടെയും നേതൃത്വത്തിന്റെയും പേരിൽ കാശ്മീരിലെ സഹോദരന്മാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്,” ഷെഹ്ബാസ് വ്യക്തമാക്കി.

പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നാ കാശ്മീറിനെ രാജ്യത്തിന്റെ “ജഗുലാർ വേൻ” (ജീവനാഡി) ആയി വിശേഷിപ്പിച്ചതായി ഓർമ്മിപ്പിച്ച ഷെഹ്ബാസ്, അതാണ് പാകിസ്താന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്നും വ്യക്തമാക്കി.പ്രദേശത്ത് സമാധാനം ആഗ്രഹിക്കുന്നുവെങ്കിലും അത് “സമത്വവും നീതിയും” അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നിലപാട്

ഇന്ത്യ, ജമ്മു-കാശ്മീറും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്ന നിലപാട് ആവർത്തിച്ചു വരികയാണ്. അതേസമയം, പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവും ഇന്ത്യ തുടർച്ചയായി ഉന്നയിക്കുന്നു. 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാലുദിവസത്തെ സൈനിക സംഘർഷത്തെ പരാമർശിച്ച ഷെഹ്ബാസ്, അതിന് ശേഷം കാശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ പൂർണ്ണ ശക്തിയോടെ വീണ്ടും ഉയർന്നു എന്നാണ് അവകാശപ്പെട്ടത്.

‘കാശ്മീർ പാകിസ്താന്റെ ഭാഗമാകും’; വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ച് ഷെഹ്ബാസ് ഷരീഫിന്റെ പ്രസംഗം

മുസാഫറാബാദ്: കാശ്മീർ പാകിസ്താന്റെ ഭാഗമാകുമെന്ന പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പാക് അധീന കാശ്മീരിലെ മുസാഫറാബാദിൽ നടന്ന കാശ്മീർ സോളിഡാരിറ്റി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീരി ജനതയ്ക്കുള്ള പാകിസ്താന്റെ “അചഞ്ചല പിന്തുണ” ആവർത്തിച്ച ഷെഹ്ബാസ്, തർക്കഭൂമിയായ കാശ്മീറിനെക്കുറിച്ചുള്ള ഇസ്ലാമാബാദിന്റെ പഴയ നിലപാട് വീണ്ടും ആവർത്തിച്ചു.ജമ്മു-കാശ്മീർ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത് കാശ്മീരി ജനതയുടെ ആഗ്രഹങ്ങൾ മാനിച്ചും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കിയും ആണെന്ന് അദ്ദേഹം പറഞ്ഞു.

“പാകിസ്താൻ ജനതയുടെയും നേതൃത്വത്തിന്റെയും പേരിൽ കാശ്മീരിലെ സഹോദരന്മാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്,” ഷെഹ്ബാസ് വ്യക്തമാക്കി.

പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നാ കാശ്മീറിനെ രാജ്യത്തിന്റെ “ജഗുലാർ വേൻ” (ജീവനാഡി) ആയി വിശേഷിപ്പിച്ചതായി ഓർമ്മിപ്പിച്ച ഷെഹ്ബാസ്, അതാണ് പാകിസ്താന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്നും വ്യക്തമാക്കി.പ്രദേശത്ത് സമാധാനം ആഗ്രഹിക്കുന്നുവെങ്കിലും അത് “സമത്വവും നീതിയും” അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നിലപാട്

ഇന്ത്യ, ജമ്മു-കാശ്മീറും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്ന നിലപാട് ആവർത്തിച്ചു വരികയാണ്. അതേസമയം, പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവും ഇന്ത്യ തുടർച്ചയായി ഉന്നയിക്കുന്നു. 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാലുദിവസത്തെ സൈനിക സംഘർഷത്തെ പരാമർശിച്ച ഷെഹ്ബാസ്, അതിന് ശേഷം കാശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ പൂർണ്ണ ശക്തിയോടെ വീണ്ടും ഉയർന്നു എന്നാണ് അവകാശപ്പെട്ടത്.

ബാബു സ്വാമിയുമായി ഉടക്കി! ബ്ലോക്ക് ചെയ്‌തെന്ന് നാഗ സൈരന്ധ്രി

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ പേരുകളാണ് നാഗ സൈരന്ധ്രിയും ബാബു സ്വാമിയും. നാഗ സൈരന്ധ്രിക്കൊപ്പം ഒരു പൊതു വേദി പരിപാടിയിൽ പങ്കെടുത്തതോടെയാണ് ബാബു സ്വാമിയും സമൂഹമാധ്യമങ്ങളിൽ വൈറലായത്. സ്റ്റേജ് പരിപാടിക്കിടെ നാഗ ബാബു സ്വാമിയെ പരിചയപ്പെടുത്തിയതും ഇരുവരുടെയും സൗഹൃദവും സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി മാറിയിരുന്നു.

നാഗ സൈരന്ധ്രിയുടെ ഡയലോഗുകൾ ഡിജെ ഗാനമായി പോലും പ്രചരിച്ചിരുന്നു. നാഗ ബാബു സ്വാമിയെക്കുറിച്ച് വേദിയിൽ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായത്.

എന്നാൽ, ഇപ്പോൾ വിഷയത്തിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ബാബു സ്വാമിയെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തതായി നാഗ സൈരന്ധ്രി വെളിപ്പെടുത്തി. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ ബാബു സ്വാമി വൈറലായതിനെക്കുറിച്ച് സംസാരിക്കുമ്പോൾ തന്റെ പേര് അദ്ദേഹം പരാമർശിച്ചില്ലെന്നാണ് നാഗ സൈരന്ധ്രിയുടെ ആരോപണം. മുൻപ് ഇത്തരം നിരവധി പരിപാടികളിൽ ബാബു സ്വാമി പങ്കെടുത്തിട്ടുണ്ടെങ്കിലും അന്നൊന്നും അദ്ദേഹം വൈറലായിരുന്നില്ലെന്നും നാഗ പറഞ്ഞു.

താനാണ് ബാബു സ്വാമിയുടെ പേര് വേദിയിൽ പറഞ്ഞതെന്നും, നൃത്തം ചെയ്തതും ആ ദിനത്തിന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ചതും തന്റെ അവതരണ ശൈലിയുമാണ് ബാബു സ്വാമിയെ വൈറലാക്കിയതെന്നും നാഗ സൈരന്ധ്രി വ്യക്തമാക്കി. അതിനാൽ തന്നെ ആ അംഗീകാരം ലഭിക്കണമെന്ന നിലപാടും നാഗ  വ്യക്തമാക്കി.

ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. നാഗ സൈരന്ധ്രിയുടെ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.