കൊച്ചി: വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനും ലഹരിക്കടിമപ്പെടുന്ന പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുമായാണ് കൊച്ചി സിറ്റി പോലീസിന് സലൈവ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് കൈമാറുന്നത്. റോട്ടറി ക്ലബ് കണ്ണൂർ സീ സൈഡ്, വാൾക്കരോ ഫൗണ്ടേഷന്റെ CSR ഫണ്ടുപയോഗിച്ചാണ് കിറ്റ് നൽകുന്നത്.
ഫെബ്രുവരി 7-ന് (ശനി) കളമശ്ശേരി കുസാറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ IPS അധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി ശ്രീ രവഡ എ. ചന്ദ്രശേഖർ IPS, വാൾക്കരോ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ വി. നൗഷാദ് എന്നിവർ മുഖ്യാതിഥികളാകും.
ചടങ്ങിൽ മുൻ സംസ്ഥാന പോലീസ് മേധാവിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ ലോക്നാഥ് ബെഹ്‌റ IPS, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ പുട്ട വിമലാദിത്യ IPS, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
റോട്ടറി പോലീസ് എൻഗേജ്മെന്റ് (ROPE) പദ്ധതിയുടെയും ഫൗണ്ടേഷൻ പോലീസുമായി ചേർന്ന് നടത്തുന്ന മയക്കുമരുന്ന് വിരുദ്ധ വാൾക്കരോ കൂട്ടായ്മയുടെയും ഭാഗമായാണ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് കൈമാറുന്നത്. ഉമിനീർ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താൻ സഹായിക്കുന്ന SOTOXA സലൈവ ഡ്രഗ് അനലൈസർ പരിശോധന കിറ്റുകളാണ് കൊച്ചി സിറ്റി പോലീസിന് കൈമാറുന്നത്.

