ബലാത്സംഗം ചെയ്തത് കത്തിമുനയിൽ നിർത്തി; പൊലീസിനു നേരേ നായയെ അഴിച്ചുവിട്ടു; തിരുവല്ല കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

0

തിരുവല്ല: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തി ജീവനക്കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിൽ അന്വേഷണം നടത്താനെത്തിയ പൊലീസിനുനേരേ ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ (29) വളർത്തുനായയെ അഴിച്ചുവിടുകയും ചെയ്തിരുന്നു. തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണനും സിപിഒ അഭിലാഷും എത്തിയപ്പോഴാണ് ഇയാൾ നായയെ അഴിച്ചുവിട്ടത്. നായയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഇവർ ബവപ്രയോ​ഗത്തിലൂടെയാണ് സുബിനെ പിടികൂടി അറസ്റ്റ് ചെയ്തത്.

മഞ്ഞാടിയിലുള്ള സ്പായിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് സംഭവം നടന്നത്. കാപ്പാ കേസിൽ പ്രതിയായ ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും സംഘവും നേരത്തേ തന്നെ പലതവണ സ്പായിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തവണ 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഉടമ തള്ളി. തുടർന്ന് സംഘം ഭീഷണിയുമായി സ്ഥാപനത്തിലെത്തി.

ഭീഷണിക്ക് പിന്നാലെ ഒരു ജീവനക്കാരിയെ രണ്ടുപേർ ചേർന്ന് ബലമായി ഉപദ്രവിക്കുകയും, പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും, പിന്നീട് മറ്റൊരു ജീവനക്കാരിയെയും സ്ഥാപനത്തിലെത്തിയ ഒരാളെയും ഒപ്പം നിർത്തി ദൃശ്യങ്ങൾ എടുത്തതായും പൊലീസ് വ്യക്തമാക്കി.

സംഘം മടങ്ങുമ്പോൾ മറ്റൊരു ജീവനക്കാരിയുടെ കൈവശമുണ്ടായിരുന്ന 2,500 രൂപയും കൈക്കലാക്കി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഉടൻ പരാതി നൽകാൻ സ്ഥാപന അധികൃതർ തയാറായില്ല. പിറ്റേന്നാണ് വിവരം പൊലീസിലെത്തിയത്. തുടർന്ന് മൂന്നാം തീയതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് സുബിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ തിരുവല്ല മുപ്പിരി സ്വദേശി ബെർലിൻ ദാസ് (38) നെയും പൊലീസ് പിടികൂടി. നാല് പേർ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിലായ രണ്ട് പ്രതികളും നിലവിൽ റിമാൻഡിലാണ്. ഒന്നാം പ്രതി സുബിൻ കൊലപാതകശ്രമം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ടാമൻ ബെർലിൻ ദാസ് ദേഹോപദ്രവക്കേസിൽ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here