‘ഉറക്കമൊക്കെ പിന്നെ, ഇപ്പോള്‍ അടിച്ചുപൊളി മാത്രം’- രോഹിത്

0

ബാര്‍ബഡോസ്: നായകനെന്ന നിലയില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ തോല്‍വി, മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ അടുത്ത തോല്‍വി. രോഹിത് ശര്‍മ ഒടുവില്‍ നെഞ്ചുവിരിച്ച് നിന്നു. ടി20 ലോകകപ്പ് കിരീടം അയാള്‍ തന്റെ ഹൃദയത്തോടു ചേര്‍ത്തു. കിരീട നേട്ടത്തില്‍ നായകന്‍ വൈകാരികമായി തന്നെ പ്രതികരിച്ചു.

വിജയത്തിന്റെ ഓരോ സെക്കന്‍ഡും താന്‍ ഇപ്പോള്‍ ആസ്വദിക്കുകയാണെന്നു രോഹിത് പറയുന്നു. ലോകകപ്പ് വിജയത്തിനു ശേഷം ട്രോഫിയുമായി രോഹിതിന്റെ ഫോട്ടോ ഷൂട്ട്. ബ്രിഡ്ജ്ടൗണിലെ ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. അതിനിടെയാണ് ബിസിസിഐ ടിവിയോട് നായകന്‍ മനസ് തുറന്നത്.

‘ഇതിപ്പോഴും യാഥാര്‍ഥ്യമാണെന്നു ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. എല്ലാം ഒരു സ്വപ്‌നം പോലെ തന്നെ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ശരിയായി ഉറങ്ങാന്‍ എനിക്കു സാധിച്ചിട്ടില്ല. ശരിയാണ്. പക്ഷേ ഉറങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ. ഈ നിമിഷം, കടന്നു പോകുന്ന ഓരോ മിനിറ്റും പരമാവധി ആസ്വദിക്കുകയാണ്. കളി അസാനിച്ച ആ സെക്കന്‍ഡ് എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്.”ഇത്രയും കാലം ടീമിലെ ഓരോരുത്തരും ഈ നിമിഷമാണ് സ്വപ്‌നം കണ്ടത്. ഇത്രയും കാലം ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്തു. അങ്ങനെയുള്ള ഞങ്ങളുടെ കൈയില്‍ തന്നെ ലോക കിരീടം കാണുന്നത് തന്നെ ആശ്വാസമാണ്. ഒരു കാര്യത്തിനായി നാം കഠിനാധ്വാനം ചെയ്യുകയും അത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്താല്‍ അതൊരു മഹത്തായ അനുഭവമാണ്.’

കിരീടം നേടിയതിനു പിന്നാലെ രോഹിത് ബാര്‍ബഡോസിലെ പിച്ചിലെ മണ്ണ് രുചിച്ചു നോക്കിയത് ശ്രദ്ധേയമായിരുന്നു. അക്കാര്യവും രോഹിത് എടുത്തു പറഞ്ഞു.

‘ഇതൊന്നും എഴുതിവെച്ച് നടപ്പാക്കുന്നതല്ല. സഹജമായി തന്നെ സംഭവിക്കുന്നതാണ്. ഞങ്ങള്‍ക്ക് കിരീടം സമ്മാനിച്ച ഈ ഗ്രൗണ്ടും പിച്ചും എക്കാലത്തും ഓര്‍മയില്‍ നില്‍ക്കും. അതിന്റെ ഒരു ഭാഗം എന്റെ ഉള്ളില്‍ ഉണ്ടാണമെന്നു ഞാന്‍ ആഗ്രഹിച്ചു. സവിശേഷമായ നിമിഷങ്ങളായിരുന്നു അത്. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ട മണ്ണ്’- രോഹിത് വികാരാധീനനായി പ്രതികരിച്ചു.

Leave a Reply