പനിയും തലവേദനയും, ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിക്കാം;എന്താണ് സിക്ക വൈറസ്, ലക്ഷണങ്ങൾ

0

മഹാരാഷ്ട്രയില്‍ ചില ഭാഗങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. എട്ട് സിക്ക വൈറസ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ ആറും പുന്നെയിലാണ്. അഹമ്മദ്‌നഗർ, കോലാപുർ എന്നിവിടങ്ങളിലാണ് മറ്റ് കേസുകൾ കണ്ടെത്തിയത്.

എന്താണ് സിക്ക വൈറസ്

സിക്ക എന്നത് ഒരു ആര്‍എന്‍എ വൈറസാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഇനത്തിൽപ്പെട്ട പെൺ കൊതുകുകളാണ് വൈറസ് വാഹികൾ. കൊതുകുകടി, ലൈംഗികത, മുലയൂട്ടൽ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായി പകരുന്നത്.

1947-ല്‍ ഉഗാണ്ടയിലെ സിക്ക കാടുകളില്‍ റീസസ് കുരങ്ങുകളിലാണ് വൈറസിനെ കണ്ടെത്തുന്നത്. അടുത്ത വര്‍ഷമായപ്പോഴേക്കും ഈ വൈറസിനെ ഈഡിസ് ആഫ്രിക്കാനസ് എന്ന കൊതുകളില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇന്ത്യയിൽ 2016-ൽ ഗുജറാത്തിലാണ് ആദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പിന്നീട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗർഭാവസ്ഥയിലോ പ്രസവസമയത്തോ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങൾക്ക് വൈറസ് ബാധയുണ്ടാവാൻ സാധ്യതയുണ്ട്. പ്രാരംഭ അണുബാധയ്ക്ക് മാസങ്ങൾക്ക് ശേഷവും ചില മനുഷ്യകോശങ്ങളിൽ വൈറസ് സാന്നിധ്യമുണ്ടാകാം. അതിനാൽ വൈറസ് സ്ഥിരീകരിച്ചവർ രക്തം, കോശം എന്നിവ ദാനം ചെയ്യുന്നത് കുറച്ചു മാസങ്ങളിലേക്ക് ഒഴിവാക്കണം.

സിക്ക വൈറസ് പ്രത്യാഘാതങ്ങൾ

* സിക്ക വളരെ രൂക്ഷമായി പടര്‍ന്നുപിടിക്കുന്ന ഇടങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകളെ സിക്ക ബാധിക്കാനിടയായാല്‍ അവരുടെ കുഞ്ഞുങ്ങളെ അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. സിക്ക വൈറസ് ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ മൈക്രോസെഫാലി (തലയുടെ വലിപ്പം കുറയുക) എന്ന അവസ്ഥ ഉണ്ടാകുന്നു.

* വൈറസ് ബാധ വന്നുപോയവരില്‍ ഗിലന്‍ ബേരി സിന്‍ഡ്രോം എന്ന ആരോഗ്യപ്രശനം ഉടലെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിലന്‍ ബേരി സിന്‍ഡ്രോം വരുന്നവര്‍ക്ക് നാഡി സംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. കൈകാലുകള്‍ക്ക് ബലക്കുറവുണ്ടാകുന്ന അവസ്ഥയാണിത്.

സിക്ക വൈറസ് ലക്ഷണങ്ങൾ

നിപ്പ, കോവിഡ് പോലെ അതിതീവ്ര ലക്ഷണങ്ങൾ സിക്ക വൈറസിന് ഉണ്ടാവില്ല. എന്നാൽ ഡെങ്കിപ്പനി, ചിക്കിൻഗുനിയ പോലുള്ളവയുമായി സാമ്യവുമുണ്ടാകും. അഞ്ചിൽ നാല് പേരിലും യാതൊരു ലക്ഷണങ്ങളുമുണ്ടാകില്ല. ചിലരിൽ ഒരു ചെറിയ പനിയായി വന്ന് രോഗം അടങ്ങുകയാണ് ചെയ്യുന്നത്. പനി, ചെങ്കണ്ണ്, പേശിവേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നിവയാണ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങള്‍.

ഡെങ്കിയും, ചിക്കുന്‍ ഗുനിയയും, സിക്കയും ഒരേ ഇനത്തിൽപെട്ട കൊതുകുകളാണ് പരത്തുന്നത് എന്നതിനാൽ സിക്ക വൈറസ് ബാധയെ ഡെങ്കുവായും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഡെങ്കിയുടെ ലക്ഷണങ്ങളുള്ളവരും എന്നാല്‍ ഡെങ്കി പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്നവരിലുമാണ് സിക്ക പരിശോധന നടത്താറുള്ളത്. ലക്ഷണങ്ങള്‍ അനുസരിച്ച് ഡെങ്കിയില്‍ ഇതിനെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.

സിക്ക വൈറസ് പ്രതിരോധം

കൊതുകു വഴി പകരുന്ന വൈറസ് ആയതിനാൽ കൊതുകു നിവാരണമാണ് പ്രധാന പോംവഴി. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകൾ ഒരു കണ്ടെയ്‌നര്‍ ബ്രീഡറാണ്. വളരെ കുറഞ്ഞ ജലാംശത്തില്‍ പോലും മുട്ടയിട്ട് പെരുകാന്‍ കഴിയുന്ന കൊതുകുകളാണ് ഇവ. വീടിന്റെ പരിസരത്തുള്ള ചെറിയ പാത്രത്തിലോ, കരിയിലക്കൂട്ടത്തിലോ, മാലിന്യകൂമ്പാരത്തിലോ ഒക്കെ മുട്ടയിട്ട് ഇവ വളരാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം.

Leave a Reply