എംബാപ്പെയും റൊണാള്‍ഡോയും; 2 തലമുറ ഫുട്‌ബോള്‍, ഒറ്റപ്പോരില്‍ നേര്‍ക്കുനേര്‍!

0

ഹാംബര്‍ഗ്: യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമാകുന്നത് രണ്ട് തലമുറയിലെ സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുമാണ് നാളെ മുഖാമുഖം വരുന്നത്. നാളെ രണ്ടാം ക്വാര്‍ട്ടറിലാണ് ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ പോരാട്ടം.

39ാം വയസിലെത്തി നില്‍ക്കുന്ന റൊണാള്‍ഡോ തന്റെ അവസാന യൂറോ കപ്പിനാണ് ഇറങ്ങുന്നത്. തന്റെ അവസാന യൂറോ കപ്പാണിതെന്നു റൊണാള്‍ഡോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എംബാപ്പെ 18ാം വയസില്‍ തന്നെ ലോകകപ്പ് നേടിയ താരമാണ്. ഫ്രാന്‍സിനൊപ്പം ഒരു യൂറോ കപ്പ് എന്നതാണ് എംബാപ്പെയുടെ സ്വപ്‌നം.

രണ്ട് തലമുറയില്‍പ്പെട്ട സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ആരാധകരെ സംബന്ധിച്ചു ആകാംക്ഷ നല്‍കുന്ന ഘടകം. റയല്‍ മാഡ്രിഡിന്റെ ഇതിഹാസമായ റൊണാള്‍ഡോയുടെ ചുവടുപിടിച്ച് എംബാപ്പെയും റയലിലേക്ക് എത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിച്ചാണ് എംബാപ്പെ ഫുട്‌ബോളിലേക്ക് വരുന്നത്. വീട്ടിലെ തന്റെ മുറിയിലെ ചുമര്‍ നിറയെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രം പതിപ്പിച്ച 13കാരന്‍ എംബാപ്പെയെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്.

എംബാപ്പെയുടെ റയല്‍ മാഡ്രിഡിലേക്കുള്ള വരവിനെ സംബന്ധിച്ചു സമീപ കാലത്ത് ക്രിസ്റ്റ്യാനോ പ്രതികരിച്ചത് ബെര്‍ണാബുവില്‍ എംബാപ്പെ തിളങ്ങുന്നത് കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു.

2016ല്‍ യൂറോ കിരീടം നേടിയത് പോര്‍ച്ചുഗലാണ്. അവരുടെ ആദ്യ അന്താരാഷ്ട്ര കിരീട നേട്ടമായിരുന്നു ഇത്. രണ്ടാം കിരീടത്തോടെ കരിയറിനു വിരാമമിടാനുള്ള ലക്ഷ്യമാണ് ക്രിസ്റ്റിയാനോയ്ക്ക്.

ഈ യൂറോയില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെയാണ് ക്രിസ്റ്റിയാനോയും എംബാപ്പെയും നില്‍ക്കുന്നത്. ഇരുവരും ക്വാര്‍ട്ടറില്‍ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply