യൂറോപ്യന്‍ ഹെവി വെയ്റ്റ്‌സ്! ക്ലാസിക്ക് പോരിനു മണിക്കൂറുകള്‍ മാത്രം

0

ബെര്‍ലിന്‍: ഇത്തവണ യൂറോ കപ്പ് കിരീടം സ്വന്തമാക്കുമെന്നു കരുതപ്പെടുന്ന രണ്ട് ടീമുകളില്‍ ഒന്ന് നാളെയോടെ വിട പറയും. യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനി- സ്‌പെയിന്‍ ക്ലാസിക്ക് പോരാട്ടത്തോടെ നാളെ യൂറോ 2024ന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. നാളെ രാത്രി ഇന്ത്യന്‍ സമയം 9.30നാണ് ക്ലാസിക്ക് പോരാട്ടം.

പത്ത് വര്‍ഷമായി പിന്നാക്കം നടക്കുന്ന ജര്‍മന്‍ ഫുട്‌ബോളിനു തിരിച്ചു വരവിന്റെ പാതയാണ് സ്വന്തം മണ്ണില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റ്. സ്വന്തം നാട്ടില്‍ യൂറോ കിരീടം നേടി സമീപ കാലത്തെ നാണക്കേടുകള്‍ക്ക് പരിഹാരമന്വേഷിക്കുന്ന അവര്‍ അതില്‍ കാല്‍ ദൂരം പിന്നിട്ടു നില്‍ക്കുന്നു. നാളെ മത്സരത്തെ ആശ്രയിച്ചാണ് അവരുടെ ശേഷിക്കുന്ന കാര്യങ്ങള്‍.

ഈ യൂറോയില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ കൃത്യമായ നടത്തിയ ടീമാണ് ജര്‍മനി. സമാന കണക്കാണ് സ്‌പെയിനിനും. അവര്‍ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ക്വാര്‍ട്ടറിനെത്തുന്നത്. ഒരു ഭാഗത്ത് ലമിന്‍ യമാല്‍ എന്ന കൗമാരക്കാരനും മറുഭാഗത്ത് ജമാല്‍ മുസിയാലയെന്ന കൗമാര പിന്നിട്ട മറ്റൊരു പ്രതിഭയും. ഇരുവരും നാളെയുടെ മജീഷ്യന്‍മാരെന്ന പ്രതീക്ഷ ഫുട്‌ബോള്‍ ലോകത്ത് സമ്മാനിച്ച താരങ്ങള്‍.

എട്ട് വര്‍ഷത്തിനിടെ ഏറ്റവും മികച്ച ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് ജര്‍മനിയെ സംബന്ധിച്ചു അവര്‍ ഇപ്പോള്‍ കളിക്കുന്നത്. ടോണി ക്രൂസെന്ന അസാമാന്യ പ്രതിഭാശാലിയായ ഒരു മധ്യനിര താരത്തിന്റെ പ്രകടനമാണ് നാളെ അവരുടെ ഗതി നിര്‍ണയിക്കുക.സ്‌പെയിന്‍ യുവ താരങ്ങളുടെ കരുത്തിലാണ് നില്‍ക്കുന്നത്. ഇരു വിഭാഗവും പാസിങ് ഗെയിം വലിയ തോതില്‍ കളിക്കുന്ന സംഘമായതിനാല്‍ ആരാധകരെ സംബന്ധിച്ചു അതൊരു വിരുന്നാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമും ജര്‍മനിയാണ്.

ടോണി ക്രൂസും ജമാല്‍ മുസിയാലയും ഫ്‌ളോറിയന്‍ വിയെറ്റ്‌സും നിക്ക്‌ലസ് ഫുള്‍ക്രുഗുമടങ്ങുന്ന ജര്‍മനി നിലവില്‍ തങ്ങളുടെ കരുത്തും വൈവിധ്യവും വെളിവാക്കി കഴിഞ്ഞു. മധ്യനിരയ്ക്കും മുന്നേറ്റത്തിനും ഇടയില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ പ്രതിരോധത്തില്‍ ഡേവിഡ് റോം മിറ്റല്‍സ്‌റ്റെഡ് സഖ്യവും ജര്‍മനിക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

സ്‌പെയിന്‍ പുതിയ യുഗത്തിലേക്കുള്ള പ്രയാണത്തിലാണ്. യമാലിനൊപ്പം നിക്കോ വില്ല്യംസും റോഡ്രിയുമടങ്ങുന്ന മിന്നും താരങ്ങളാണ് അവരുടെ കരുത്ത്. ജര്‍മനിക്ക് ക്രൂസെങ്കില്‍ സ്‌പെയിനിനു ഇപ്പോള്‍ മധ്യനിരയുടെ കപ്പിത്താനായി നില്‍ക്കുന്നത് ഫാബിയന്‍ റൂയിസാണ്.ഇരു ടീമുകളുടേയും ബഞ്ച് കരുത്തും അപാരം തന്നെ.

Leave a Reply