ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല; പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

0

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി. നേരത്തെയും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹത്തെ ക്യാമ്പസില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു. എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു നവതേജ്.(No more going to college with two legs; SFI leader with threatening speech against principal,)

എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്‌തേനേയെന്നും നവതേജ് പറഞ്ഞു.

ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും എസ്എഫ്‌ഐ നേതാവിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായുമാണ് പരാതി. മര്‍ദനമേറ്റ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കര്‍, അധ്യാപകന്‍ കെപി രമേശന്‍, എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ബിആര്‍ അഭിനവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയിലും എസ്എഫ്‌ഐയുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply