കലിതുള്ളി കബാലി; മലക്കപ്പാറ റൂട്ടില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത് മൂന്നര മണിക്കൂര്‍

0

തൃശൂര്‍: അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ കബാലി എന്ന കാട്ടാന വീണ്ടും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇന്ന് രാവിലെ മലക്കപ്പാറ പാതയില്‍ മൂന്നര മണിക്കൂറോളമാണ് കബാലി വാഹനങ്ങള്‍ തടഞ്ഞിട്ടത്. കൊടുംകാട്ടില്‍ കാട്ടാനയുടെ മുന്നില്‍ കുടുങ്ങിയവര്‍ ജീവഭയത്തോടെയാണ് നിമിഷങ്ങള്‍ തള്ളിനീക്കിയത്.

കബാലി റോഡിനു കുറുകേ നിന്നതോടെ അന്തര്‍ സംസ്ഥാന പാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി.ഇത് വഴി പോയ ടൂറിസ്റ്റുകളും മറ്റു യാത്രക്കാരും കാടിനകത്ത് കുടുങ്ങി.ആനമല പാതയിലെ അമ്പലപ്പാറയില്‍ വെച്ചാണ് കബാലി റോഡിന് കുറുകെ മണിക്കൂറുകളോളം നിന്നത്.പന റോഡിലേക്ക് മറിച്ചിട്ട് തിന്നു കൊണ്ട് റോഡില്‍ നിന്നും മാറാതെ മൂന്നര മണിക്കൂറോളം നേരമാണ് നിലയുറപ്പിച്ചത്.ഇതോടെ മലക്കപ്പാറയിലേക്കും ചാലക്കുടിയിലേക്കും ജോലിക്കായി പോയിരുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കാടിനകത്തു കുടുങ്ങി കിടന്നു. മലക്കപ്പാറ ഭാഗത്തു നിന്നും വന്ന തടി ലോറിയാണ് ആദ്യം കബാലി തടഞ്ഞത്. വാഹനം മുന്നോട്ടെടുക്കുമ്പോള്‍ നിരവധി തവണ വാഹനത്തിന് നേരെ കബാലി പാഞ്ഞടുത്തതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പിന്നില്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് മുന്നോട്ടെടുത്തു വാഹനം ഇരമ്പിച്ചു ശബ്ദമുണ്ടാക്കിയതിനു ശേഷമാണ് കബാലി റോഡില്‍ നിന്നും മാറിയത്.കുറച്ചു നാളുകളായി കാനന പാതയില്‍ കബാലി എന്ന കാട്ടുകൊമ്പന്‍ വാഹനങ്ങള്‍ തടയുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവാണ്. ദിവസവും കാട്ടുനിരത്തിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞ് ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പനെ കാട് കയറ്റണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply