കൂടുതല്‍ വോട്ടു കിട്ടിയിട്ടും പുറത്തായി,വോട്ടുകുറഞ്ഞവര്‍ക്കായി മാറി നില്‍ക്കേണ്ടി വന്നു; ‘അമ്മ’യ്ക്ക് പിഷാരടിയുടെ കത്ത്

0

കൊച്ചി:കൂടുതല്‍ വോട്ട് കിട്ടിയിട്ടും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്തായെന്നും ജനാധിപത്യ വ്യവസ്ഥിതിയിലാകണം തെരഞ്ഞെടുപ്പെന്നും ചൂണ്ടിക്കാട്ടി നടന്‍ രമേഷ് പിഷാരടിയുടെ കത്ത്. കൂടുതല്‍ വോട്ട് കിട്ടുന്നയാളാകണം വിജയിക്കേണ്ടതെന്നാണ് അമ്മ അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍ പറയുന്നത്.(Despite getting more votes,he was eliminated and had to stand aside for those with less votes; Pisharati’s letter to ‘Amma’,)

ഭരണഘടന പ്രകാരം ഭരണസമിതിയില്‍ നാലു സ്ത്രീകള്‍ വേണമെന്നാണ് ചട്ടം. അതിനാലാണ് താന്‍ പുറത്തായതെന്നും വോട്ടു കുറഞ്ഞവര്‍ക്കായി മാറി നില്‍ക്കേണ്ടി വന്നത് ജനഹിതം റദ്ദു ചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. തനിക്ക് വോട്ടു ചെയ്തവരില്‍ പലരും വോട്ട് പാഴായതിനെപ്പറ്റി പരാതി പറയുന്നു. ഈ സാഹചര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കില്‍ നോമിനേഷന്‍ പിന്‍വലിക്കാന്‍ തയ്യാറാകുമായിരുന്നു.

ഇതു പരിഹാരം ആവശ്യമുള്ള സാങ്കേതിക പ്രശ്‌നമാണെന്നും സ്ത്രീ സംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവുമായ ഭരണഘടനാ ഭേദഗതി വേണമെന്നും പിഷാരടി ആവശ്യപ്പെട്ടു. താന്‍ മാറി നില്‍ക്കേണ്ടി വന്ന സാഹചര്യം മനസിലാക്കാതെ മാധ്യമങ്ങളില്‍ താന്‍ പരാജയപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത വന്നതു തെരഞ്ഞെടുപ്പിന് ശേഷം അമ്മ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കാര്യങ്ങള്‍ യഥാവിധി വ്യക്തമാക്കാത്തതിനാലാണെന്നും രമേഷ് പിഷാരടി പറഞ്ഞു.അതേസമയം എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാനാണ് പുതിയ ഭരണ സമിതിയുടെ തീരുമാനമെന്നും പരിഭവിച്ചു മാറി നില്‍ക്കുന്നവരേയും സഹകരിപ്പിക്കുമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. തലപ്പത്ത് തലമുറ മാറ്റത്തിന് ശ്രമിച്ചിരുന്നു. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും അമ്മയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവര്‍ തിരക്ക് അറിയിച്ചതിനെത്തുടര്‍ന്നാണ് എല്ലാവരുടേയും നിര്‍ബന്ധ പ്രകാരം പ്രസിഡന്റ് സ്ഥാനത്ത് മോഹല്‍ലാല്‍ തുടരാന്‍ തയ്യാറായത്. അടുത്ത തവണ തലമുറ മാറ്റത്തിനായി ശ്രമം തുടരുമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply