‘ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറും’; വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സെക്ഷന്‍ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്.(‘will become a major hub for freight’; Customs approval for Vizhinjam port,)

ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍ കപ്യൂട്ടര്‍ സംവിധാനം, മികച്ച സര്‍വ്വര്‍ റൂം ഫെസിലറ്റി, തുടങ്ങി 12 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.

ഇനി സെക്ഷന്‍ 8 , സെക്ഷന്‍ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോര്‍ട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകള്‍ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകള്‍/കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തു വച്ച് വമ്പന്‍ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.സെക്ഷന്‍ 7 അനുമതി കൂടി ലഭിച്ചതോടെ വലിയ സാധ്യതയാണ് വിഴിഞ്ഞത്ത് തുറക്കുന്നത്. ചരക്കുനീക്കത്തില്‍ നിര്‍ണായക തുറമുഖമായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here