കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

0

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്.

പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്.മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഇ-ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലബാറിൽ 75,000 വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തുമെന്ന് പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു.

Leave a Reply