പിണറായി സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയം; തൃശൂരിലെ ജയം സിപിഎമ്മിന്റെ സമ്മാനമെന്ന് എം എം ഹസ്സന്‍

0

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പിണറായി വിജയന്‍ സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയമാണത്. കേരളത്തില്‍ രണ്ടു സീറ്റ് എന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നില്‍ സിപിഎം-ബിജെപി ഡീല്‍ ആണ് എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചവരെയെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിങ്ങാലക്കുടയില്‍ വെച്ച് പറഞ്ഞു. എന്നിട്ട് ആരെയെങ്കിലും അടച്ചോ?. അടയ്ക്കാത്തതിന് കാരണമെന്താണ്?. അതിന് ഉത്തരമാണ് ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫും സിപിഎമ്മും മൂന്നാം സ്ഥാനത്തു പോയത്.തൃശൂരും ഇരിങ്ങാലക്കുടയിലും എല്‍ഡിഎഫും സിപിഎമ്മും മൂന്നാം സ്ഥാനത്താണ്. ഈ വോട്ടുചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണം ഇപി ജയരാജനനും പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണാന്‍. അവരുണ്ടാക്കിയ രഹസ്യ ഡീല്‍ എന്തായിരുന്നു. ബിജെപി-സിപിഎം അന്തര്‍ധാര എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ യുഡിഎഫ് പറഞ്ഞതാണ്.

കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് വോട്ടു ചോര്‍ച്ചയുണ്ടായത് യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമാണ്. എന്നാല്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ വിവരമുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ എന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ തോല്‍വി സിപിഎമ്മും ഇടതുപക്ഷവും ആഴത്തില്‍ പഠിക്കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന ആലപ്പുഴയില്‍, കായംകുളം അസംബ്ലി മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്താണ്. ഹരിപ്പാടും മൂന്നാം സ്ഥാനത്താണ്. സഖാവ് വിഎസിന്റെ ജന്മനാടും ജി സുധാകരന്റെ തട്ടകവുമായ അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ബിജെപിയേക്കാള്‍ വെറും 110 വോട്ടു മാത്രമാണ് കൂടുതലുള്ളത്. ആലപ്പുഴയില്‍ രണ്ടിടത്താണ് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

തിരുവനന്തപുരത്ത് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്. ഒരു മന്ത്രിയും മുന്‍മന്ത്രിയും എംഎല്‍എയായ മണ്ഡലമാണിത്. വട്ടിയൂര്‍ക്കാവിലും സിപിഎം എംല്‍എയാണ്. ആറ്റിങ്ങലില്‍ രണ്ടു മണ്ഡലങ്ങളിലും ബിജെപി ഒന്നാം സ്ഥാനത്താണ്. ബിജെപി മുന്നിലെത്തിയ ആറ്റിങ്ങലും, കാട്ടാക്കടയിലും സിപിഎം എംഎല്‍എമാരാണ്. ഈ വോട്ടുകളെല്ലാം ചോര്‍ന്നത് സിപിഎമ്മില്‍ നിന്നാണ്. യുഡിഎഫ് എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ 41 മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് ലീഡ് ചെയ്തതെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here