സീബ്രാ ലൈനില്‍ അല്ലെങ്കിലും റോഡ് ക്രോസ് ചെയ്യാന്‍ വണ്ടി നിര്‍ത്തിക്കൊടുക്കണം; നിര്‍ദേശവുമായി മന്ത്രി ഗണേഷ് കുമാര്‍

0

തിരുവനന്തപുരം: കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുവദിക്കണം. അവര്‍ സീബ്രാലൈനില്‍ നിന്നല്ല റോഡ് ക്രോസ് ചെയ്യുന്നതെങ്കില്‍ കൂടിയും വാഹനം നിര്‍ത്തി റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കുക എന്നതാണ് പ്രധാനം. അവര് നടന്നാണ് പോകുന്നത്. വാഹന യാത്രക്കാര്‍ വേഗത്തിലാണ് പോകുന്നത്. അതുകൊണ്ട് അവരുടെ സമയത്തിനും വില നല്‍കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. റോഡില്‍ അച്ചടക്കം പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവെച്ച വീഡിയോയിലാണ് മന്ത്രിയുടെ വിശദീകരണം.’കാല്‍നട യാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും കരുതി വേണം വണ്ടി ഓടിക്കാന്‍. മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ നമുക്ക് അവകാശമില്ലെന്ന് അടുത്തിടെ സീബ്രാലൈന്‍ മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ട സംഭവം ഓര്‍മ്മിപ്പിച്ച് മന്ത്രി മുന്നറിയിപ്പ് നല്‍കി. ‘റോഡില്‍ സംഭവിക്കുന്ന ഓരോ മരണവും നശിപ്പിക്കുന്നത് ഒരാളെയല്ല, ഒരു കൂട്ടം ആളുകളെയാണ്. ഒരുപക്ഷേ ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളും ആ അപകടത്തില്‍ ഇല്ലാതാകും. അല്ലെങ്കില്‍ ആ കുടുംബത്തിന്റെ മുഴുവന്‍ താളവും തെറ്റും. ഗൃഹനാഥന്റെ മരണമാണെങ്കില്‍ താളം തെറ്റും. കുഞ്ഞുമക്കളാണെങ്കില്‍ അവരെ വളര്‍ത്തി കൊണ്ടുവന്ന അച്ഛനും അമ്മയും തകര്‍ന്നുപോകും. പല ദുഃഖങ്ങളും ഉണ്ടാവും. അവര്‍ക്ക് മാത്രമല്ല ദുഃഖം. നാളെ ഇത് നിങ്ങള്‍ക്കും വരും. അതുകൊണ്ട് സൂക്ഷിച്ച് വണ്ടി ഓടിക്കുക. ആദ്യം കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും റോഡില്‍ സഞ്ചരിക്കാന്‍ അനുവദിക്കുക. മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ പറ്റില്ല. ഇതൊരു പിണക്കമായി എടുക്കേണ്ട. ഈ നിയമം മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. ആ നിയമലംഘനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരു കാരണവശാലും അനുവദിക്കില്ല’- മന്ത്രി ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here