സ്പീക്കര്‍:സമവായത്തിന് ശ്രമം, പദവി നിലനിര്‍ത്താന്‍ ബിജെപി; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ മത്സരത്തിന് പ്രതിപക്ഷം

0

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് ശ്രമമാരംഭിച്ച് ബിജെപി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സമവായത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുന്നത്. എന്‍ഡിഎ സഖ്യകക്ഷികളുടേയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടേയും യോഗം രാജ്‌നാഥ് സിങിന്റെ വീട്ടില്‍ വൈകീട്ട് ചേരുന്നുണ്ട്.(Speaker: Strive for consensus,BJP to retain status; Opposition to contest if Deputy Speaker post not given,)

കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, അശ്വിനി വൈഷ്ണവ്, കിരണ്‍ റിജിജു, രാംമോഹന്‍ നായിഡു, ചിരാഗ് പാസ്വാന്‍, ലലന്‍ സിങ് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ശ്രമം. സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുന്നതിന് പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോടും രാജ്‌നാഥ് സിങ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.കാലങ്ങളോളം പിന്തുടര്‍ന്നു വന്ന കീഴ് വഴക്കമായ, ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നത് തുടരാമെന്ന ഉറപ്പു ലഭിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുന്നതിനോട് യോജിക്കാമെന്നാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നിലപാട്. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്കും ഇന്ത്യാ മുന്നണി മത്സരിച്ചേക്കും.

സ്പീക്കര്‍ പദവിക്കായി രംഗത്തുള്ള ടിഡിപി ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്‍ഡിഎ കക്ഷികളില്‍ സമവായത്തോടെ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ടിഡിപി വക്താവ് നേരത്തെ പറഞ്ഞത്. അതേസമയം ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി അറിയിച്ചിട്ടുണ്ട്. ടിഡിപിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി, നിര്‍ണായകമായ സ്പീക്കര്‍ പദവി കൈവശപ്പെടുത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

സ്പീക്കര്‍ പദവിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം നിര്‍ണായകമായിരിക്കും. കഴിഞ്ഞ ലോക്‌സഭയിലെ സ്പീക്കറായിരുന്ന ഓം ബിര്‍ലയെ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി വീണ്ടും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ബിജെപി നേതാവ് ഡി പുരന്ദരേശ്വരിയെയും, ഒറീസയില്‍ നിന്നുള്ള ഭര്‍തൃഹരി മെഹ്താബിനേയും പരിഗണിക്കുന്നുണ്ട്. ഏഴു തവണ ലോക്‌സഭാംഗമായിരുന്ന ഭര്‍തൃഹരി മെഹ്താബ് അടുത്തിടെയാണ് ബിജു ജനതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here