‘പിണറായിയുടെ നാവ്, അദ്ദേഹത്തിന്റെ ചിന്ത; അവരെല്ലാം ഒരു പാര്‍ട്ടിയല്ലേ’

0

കോഴിക്കോട്: കേരളത്തെക്കുറിച്ചു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വലിയ ഉത്തരവാദിത്തമാണ് തനിക്ക് നല്‍കിയിട്ടുള്ളത്. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ജനങ്ങളുടെ പിന്തുണയാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമാകാന്‍ കാരണമായത്. നിരവധി ക്ഷേത്രങ്ങളുമായും ഒരുപാട് ആളുകളുമായും ബന്ധമുണ്ട്. അതൊന്നും മുറിച്ചുകളയാനാകില്ല. എല്ലാവരുടേയും പിന്തുണ തേടാനാണ് താന്‍ സംസ്ഥാനത്ത് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിവരദോഷി എന്നു വിളിച്ചതില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അത് മുഖ്യമന്ത്രിയുടെ നാവാണ്, അദ്ദേഹത്തിന്റെ ചിന്തയാണ്. അതിനെ ചോദ്യം ചെയ്യാനോ ഖണ്ഡിക്കാനോ ഞാനില്ല. അവരെല്ലാം ഒരു പാര്‍ട്ടിയല്ലേ. അവര്‍ സെറ്റില്‍ ചെയ്‌തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കോഴിക്കോട് എയിംസ് അനുവദിക്കണമെന്ന എംകെ രാഘവന്‍ എംപിയുടെ ആവശ്യത്തില്‍, അദ്ദേഹം അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഭാഗഭാക്കായിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പക്ഷെ എംപി എന്ന നിലയില്‍ അദ്ദേഹത്തിന് അത് ചോദിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് അങ്ങനെ പറയാനുള്ള എല്ലാ അവകാശവുമുണ്ട്. എനിക്കും അതുപോലെ ചെറിയ അവകാശമുണ്ട്. എന്റെ അവകാശം അഭിപ്രായമായി പറഞ്ഞിട്ടുണ്ട്. 2016 ല്‍ പറഞ്ഞതാണ്. അതിപ്പോഴും നിലവിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് സുരേഷ് ഗോപി കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രിയോടെ കോഴിക്കോട് വിമാനമിറങ്ങിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രാവിലെ തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇതിനു ശേഷം കണ്ണൂരിലേക്ക് പോകുന്ന സുരേഷ് ഗോപി പയ്യാമ്പലം ബീച്ചിലെത്തി അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ വീടും സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here