ഇവിഎമ്മുകളില്‍ കൃത്രിമത്തിന് സാധ്യതയെന്ന് മസ്‌ക്; അമേരിക്കയിലെ സിസ്റ്റമല്ല ഇന്ത്യയിലേത്, സുരക്ഷിതമെന്ന് രാജീവ് ചന്ദ്രശേഖര്‍

0

ന്യൂഡല്‍ഹി: ഹാക്കിങ്ങിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യരോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോ ഇവിഎം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇവിഎമ്മുകള്‍ ഉപേക്ഷിക്കണമെന്ന് മസ്‌ക് സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. ഇവിഎമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ലോകമൊട്ടാകെ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് മസ്‌കിന്റെ പ്രതികരണം.(Musk says there is a possibility of tampering in EVMs; Rajeev Chandrasekhar says India’s system is not the US system,it is safe,)

പ്യൂര്‍ട്ടോറിക്കോയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ തിരിമറി നടന്നെന്ന മാധ്യമവാര്‍ത്ത പങ്കുവച്ചുള്ള റോബര്‍ട്ട് കെന്നഡി ജൂനിയറിന്റെ എക്‌സ് പോസ്റ്റ് പങ്കുവച്ചാണ് മസ്‌കിന്റെ പ്രസ്താവന.’നിര്‍മിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവിഎമ്മുകള്‍ ഉപേക്ഷിക്കണം’-മസ്‌കിന്റെ ട്വീറ്റില്‍ പറയുന്നു. ഇവിഎമ്മിന്റെ വിശ്വാസ്യതയെച്ചൊല്ലി ഇന്ത്യയിലും വിവാദങ്ങള്‍ നിലനില്‍ക്കേയാണ് മസ്‌കിന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നത് ഒഴിവാക്കാന്‍ ഇവിഎം ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നാണ് റോബര്‍ട്ട് കെന്നഡി ജൂനിയറിന്റെ അഭിപ്രായം.

അതേസമയം, മസ്‌കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ഏതെങ്കിലും നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കാത്തത് മൂലം ഇന്ത്യന്‍ ഇവിഎമ്മുകള്‍ സുരക്ഷിതമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പ്രതികരിച്ചു.

‘സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ സാമാന്യവല്‍ക്കരണ പ്രസ്താവനയാണിത്. ഇത് തെറ്റ് ആണ്. യുഎസിലും മറ്റ് സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റുചെയ്ത വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഇവിഎമ്മുകള്‍ സുരക്ഷിതമാണ്. ഇവ ഏതെങ്കിലും നെറ്റ്വര്‍ക്കുകളുമായി കണക്ട് ചെയ്തിട്ടില്ല. ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുമില്ല. കൃത്രിമം നടത്താന്‍ സാധ്യമല്ലാത്ത വിധം നിര്‍മാണ വേളയില്‍ത്തന്നെ സന്നിവേശിപ്പിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലേതുപോലെ ശരിയായ ഇവിഎമ്മുകള്‍ നിര്‍മിക്കാനാകും. അതിന് ഇലോണ്‍ മസ്‌കിന് പരിശീലനം നല്‍കാന്‍ തയ്യാറാണ്.’ -രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here