നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി: കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍

0

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ ഇതു ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. ക്രമക്കേട് നടത്തിയത് എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞു.സുപ്രീം കോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുനര്‍പരീക്ഷ നടത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്താനുണ്ട്. ക്രമക്കേടിന് പിന്നില്‍ എന്‍ടിഎയിലെ എത്ര വലിയ ഉദ്യോഗസ്ഥനായാലും രക്ഷപ്പെടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നല്‍കുന്നുവെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ഇത് ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മെയ് അഞ്ചിനാണ് രാജ്യത്തെ 4750 സെന്ററുകളിലായി നീറ്റ് പരീക്ഷ നടന്നത്. ഏതാണ്ട് 24 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും മറ്റു ക്രമക്കേടുകള്‍ നടന്നുവെന്നുമായിരുന്നു ആരോപണം ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here