‘അടിച്ചുകയറി വാ അളിയാ’; പാലക്കാട് വാധ്രയെ കൂടി മത്സരിപ്പിക്കണം; പരിഹസിച്ച് കെ സുരേന്ദ്രന്‍

0

കോഴിക്കോട്: വയനാട് തന്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

‘വയനാട് തന്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് വയനാട്ടുകാര്‍ക്കും മലയാളികള്‍ക്കും മനസിലായത്. വയനാട് തന്റെ കുടുംബമെന്ന് പറഞ്ഞാല്‍ സഹോദരിയെ ഇവിടെ മത്സരിപ്പിക്കുകയെന്നതാണ്. ഞാന്‍ പ്രതീക്ഷിക്കുന്നത് അളിയന്‍ വാധ്രയെ പാലക്കാട് കൂടി മത്സരിപ്പിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സംപൂജ്യരാകും. സംതൃപ്തി അടയും. ഇത്രമാത്രം കുടുംബാധിപത്യമുള്ള ഒരു പാര്‍ട്ടി ഭൂലോകത്ത് വേറെയില്ല. വയനാട് രണ്ടാം വീട് എന്നുപറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് മനസിലായി’- സുരേന്ദ്രന്‍ പറഞ്ഞു.

‘അടിച്ചുകയറി വാ അളിയാ എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്. കോണ്‍ഗ്രസിലെ അടിമകള്‍ അവരുടെ ഒരു കുടുംബം തീരുമാനിക്കുന്നതുപോലെയല്ലേ കാര്യങ്ങള്‍ ചെയ്യുന്നത്?. ഖാര്‍ഗെജി തന്നെ അവിടെ വെറുതെ ഇരിക്കുന്നതല്ലേ?. അപ്പോ ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ കാര്യം എന്തുപറയാനാണ്’ സുരേന്ദ്രന്‍ ചോദിച്ചു. വയനാട്ടില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് ആര് മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ആലോചിക്കുമെന്നായിരുന്നു മറുപടി.രാഹുല്‍ ഗാന്ധി വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here