കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തില്‍; 25 ശതമാനം വോട്ടു നേടിയാല്‍ മൂന്നോ നാലോ എംപിമാര്‍: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

0

കൊച്ചി: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. നേരത്തെ ബിജെപിയുടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ വോട്ടുകള്‍ ബിജെപിക്ക് പോകുന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജോര്‍ജ് കുര്യന്‍.

കേരളത്തില്‍ ബിജെപിക്ക് 20 ശതമാനം വോട്ടു വിഹിതമുണ്ട്. ഇതോടൊപ്പം സുരേഷ് ഗോപിയുടെ നല്ല ഗുണങ്ങള്‍ക്ക് ലഭിച്ച പിന്തുണ കൂടിയായതോടെ തൃശൂരില്‍ ബിജെപി വിജയിച്ചു. ഒ രാജഗോപാലും നേരത്തെ വിജയിച്ചത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളുടേയും വോട്ടുകളെ ആകര്‍ഷിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണമെന്നതാണ് ഇതു തെളിയിക്കുന്നത്. ജോര്‍ജ് കുര്യന്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് ഒരു പ്രധാന ഘടകമാണ്. ഏകദേശം 25% വോട്ട് നേടിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്നും മൂന്നോ നാലോ എംപിമാരെ വിജയിപ്പിക്കാനാകും. കേരളത്തില്‍ നിയമസഭാ സീറ്റുകളേക്കാള്‍ ബിജെപിക്ക് ലോക്സഭാ സീറ്റുകള്‍ നേടുന്നത് എളുപ്പമാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമുണ്ട്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് 25 ശതമാനം വോട്ട് വിഹിതം നേടിയാല്‍, മറ്റ് പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ അടുത്തേക്ക് വരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എങ്കില്‍ കേരളവും ജയിക്കാനാകും. ബിജെപി ജാതി-മത രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം പുതുതലമുറ വോട്ടര്‍മാരെയാണ് ലക്ഷ്യമിടുന്നത്. ഇവിടെ 60% ആളുകളും 35 വയസ്സിന് താഴെയുള്ളവരാണ്. ചെറുപ്പക്കാര്‍ അവരുടെ കുടുംബത്തിന്റെ രാഷ്ട്രീയ വിധേയത്വം കണക്കിലെടുക്കുന്നില്ല. നല്ലത് ചെയ്യുന്ന പാര്‍ട്ടികള്‍ക്കാണ് അവര്‍ വോട്ട് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here