കൊച്ചി അപകടം: മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു, 12 പേര്‍ ചികിത്സയില്‍

0

കൊച്ചി: മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയന്‍ (33) ആണ് മരിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ 12 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ബസില്‍ 42 പേരാണ് ഉണ്ടായിരുന്നത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് കല്ലട ബസ് ആണ് മറിഞ്ഞത്. ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരു വശത്തേയ്ക്ക് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യുവാവിന്റെ മരണം ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്നവരെ ചില്ല് തകര്‍ത്തും മറ്റുമാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ലേക് ഷോറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പലര്‍ക്കും കൈയ്ക്കും കാലിനുമാണ് പരിക്ക്. ഒരാള്‍ക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

Leave a Reply