ലോകകപ്പിലെ ദയനീയ പ്രകടനം; ശ്രീലങ്കന്‍ പരിശീലകന്‍ രാജി വച്ചു

0

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നു ക്രിസ് സില്‍വര്‍വുഡ് രാജി വച്ചു. ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ശ്രീലങ്ക പുറത്തായിരുന്നു. പിന്നാലെയാണ് ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹം പടിയിറങ്ങിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

സില്‍വര്‍വുഡിനൊപ്പം ടീമിന്‍റെ കണ്‍സട്ടന്‍റ് പരിശീലക സ്ഥാനത്തുണ്ടായിരുന്ന മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും സ്ഥാനമൊഴിഞ്ഞു.

2022 ഏപ്രിലിലാണ് സില്‍വര്‍വുഡ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഇംഗ്ലണ്ട് പരിശീലക സ്ഥാനം ഒഴിഞ്ഞാണ് സില്‍വര്‍വുഡ് ലങ്കന്‍ ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. അദ്ദഹത്തിന്റെ തന്ത്രത്തില്‍ ടീം എട്ട് ടെസ്റ്റുകള്‍, 26 ഏകദിനങ്ങള്‍, 18 ടി20 മത്സരങ്ങള്‍ വിജയിച്ചു.2014ലെ ടി20 ലോക ചാമ്പ്യന്‍മാരായ ലങ്കയ്ക്ക് സമീപ കാലത്ത് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇത്തവണ ലോകകപ്പില്‍ കണ്ടത്. ബംഗ്ലാദേശിനോടടക്കം ടീം ഇത്തവണ തോറ്റു. ദക്ഷിണാഫ്രിക്കക്കെതിരെയും ലങ്ക തോറ്റു. നേപ്പാളിനെതിരായ പോരാട്ടം മഴയില്‍ ഒലിച്ചതോടെ അവര്‍ക്ക് ഒരു പോയിന്റ് മാത്രം ലഭിച്ചു.

അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചെങ്കിലും സൂപ്പര്‍ 8ലേക്ക് അതു മതിയായില്ല. അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനും ടീമിനു യോഗ്യതയില്ല.

Leave a Reply