വേദാന്തത്തിലെ ജ്ഞാനകാണ്ഡം പൂർത്തിയാക്കി പ്രൊഫ. ബാബുദാസ് യാത്രയായി

0

കൊച്ചി:വിഖ്യാത സംസ്കൃതപണ്ഡിതനും വാഗ്മിയും ഗ്രന്ഥകർത്താവുമായിരുന്ന പ്രൊഫ. കെ.പി. ബാബുദാസ് അന്തരിച്ചു. കാലടി ശ്രീശങ്കരകോളേജിലെ സംസ്കൃതവിഭാഗത്തിൽ നിന്നും വിരമിച്ച അദ്ദേഹം ഭാരതത്തിലെ എണ്ണപ്പെട്ട വേദാന്തപണ്ഡിതരിലൊരാളും വളരെ വലിയ ശിഷ്യസമ്പത്തിനുടമയുമായിരുന്നു. ശൃംഗേരി ശാരദാപീഠത്തിലെ ഗണപതിവാക്യാർത്ഥസദസ്സിലെയും കാലടി ശൃംഗേരിമഠത്തിലെ ശ്രീശങ്കരജയന്തി വാക്യാർത്ഥസദസ്സിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച വാഗ്മിയും സാഹിത്യകാരനും കഥകളി ആസ്വാദകനുമായിരുന്ന അദ്ദേഹം മലയാളസാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. അരങ്ങ്, അഹം ബ്രഹ്മാസ്മി (മലയാളം നോവലുകൾ), സന്ദർശനം (ബാലസാഹിത്യം), ശൗര്യഗുണം (ജീവചരിത്രം), വേദാന്തപരിഭാഷ (വിവർത്തനവും പഠനവും) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധരചനകളിൽ ചിലതാണ്. ആനുകാലികങ്ങളിലും മറ്റും ധാരാളം പഠനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദാർശനികലോകത്തിനും സാഹിത്യലോകത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് 1977 ലെ മാമൻ മാപ്പിള അവാർഡ്, 1982 ലെ കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ്, 2010 ലെ കേരളകലാമണ്ഡലം അവാർഡ്, 2013 ലെ പി.കെ.പരമേശ്വരൻ നായർ അവാർഡ്, 2007 ൽ ശൃംഗേരി ശാരദാപീഠാധിപതിയിൽ നിന്നും വേദാന്തപാണ്ഡിത്യത്തിനുള്ള സുവർണ്ണാംഗുലീയം, 2011 ൽ കലിയത്ത് പരമേശ്വരഭാരതി സ്വാമികൾ സ്മാരക പുരസ്കാരം, 2015 ൽ ധർമ്മാത്മാ ഡോ.വി.വി വൈദ്യസുബ്രഹ്മണ്യ അവാർഡ്, 2021 ലെ ശൃംഗേരി ശാരദീപീഠം ഭാരതീതീർത്ഥ പുരസ്കാരം, 2022 ലെ ശ്രീശങ്കര കൾച്ചറൽ സൊസൈറ്റിയുടെ വിജ്ഞാനപീഠം പുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഭാര്യ ഡോ.കെ.എൻ.ശോഭന (സീനിയർ ഫിസിഷ്യൻ, വിമല ഹോസ്പിറ്റൽ, കാഞ്ഞൂർ), മകൻ കെ.ബി.ഗൗതം (റിസർച്ച് ഫെലോ, ISRO), മകൾ ഡോ.ഗായത്രി (ജി.ജി.ഹോസ്പിറ്റൽ, തിരുവനന്തപുരം), മരുമക്കൾ ശ്രീജ (എൻജിനീയർ, തിരുവനന്തപുരം), അർജ്ജുൻ (ISRO തിരുവനന്തപുരം). സംസ്കാരം സ്വവസതിയായ നായത്തോട് കൈപ്പള്ളി മനയിൽ ഞായറാഴ്ച വൈകിട്ട് നടന്നു. സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here