‘ആ 5 റണ്‍സ് കിട്ടിയിട്ടും വലിയ കാര്യമൊന്നും ഇല്ല’- പെനാല്‍റ്റി ശിക്ഷയില്‍ യുഎസ് കോച്ച്

0

ന്യൂയോര്‍ക്ക്: നടപ്പ് ടി20 ലോകകപ്പില്‍ ഐസിസി പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിരുന്നു. സ്റ്റോപ്പ് ക്ലോക്ക് നിയമമാണ് ഐസിസി അവതരിപ്പിച്ചത്. പുതിയ നിയമത്തിന്റെ ആദ്യ ബലിയാടുകള്‍ ആതിഥേയരായ അമേരിക്ക തന്നെ ആവുകയും ചെയ്തു. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പെനാല്‍റ്റിയായി ടീം നല്‍കേണ്ടി വന്നത് 5റണ്‍സ്. വിയര്‍പ്പൊഴുക്കാതെ തന്നെ ഇന്ത്യക്ക് 5 റണ്‍സ് കിട്ടി.

എന്നാല്‍ ഈ 5 റണ്‍സ് ടീമിനെ സംബന്ധിച്ചു നിര്‍ണായകമായിരുന്നില്ലെന്നു പറയുകയാണ് അമേരിക്കയുടെ പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ. കളി ഇന്ത്യയുടെ വരുതിയിലായിരുന്നു. ഞങ്ങള്‍ കുറച്ചു കൂടി വേഗതയില്‍ മികച്ച റണ്‍സ് സ്‌കോര്‍ ചെയ്യണമായിരുന്നുവെന്നും ലോ വ്യക്തമാക്കി.

പുതിയ നിയമം അനുസരിച്ച് രണ്ട് തവണ മുന്നറിയിപ്പു നല്‍കും. അതിനു ശേഷവും ഓവറുകള്‍ക്കിടയില്‍ ഒരു പന്തെറിയാന്‍ ഒരു മിനിറ്റില്‍ കൂടുതല്‍ സമയമെടുത്താല്‍ ശിക്ഷ ലഭിക്കും.

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ 16ാം ഓവറിലാണ് സംഭവം. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 30 പന്തില്‍ 35 റണ്‍സായിരുന്നു. പെനാല്‍റ്റി വിധിച്ചതോടെ യുഎസിനു അഞ്ച് റണ്‍സ് ദാനമായി നല്‍കേണ്ടി വന്നു. അതോടെ ഇന്ത്യന്‍ ലക്ഷ്യം 30 പന്തില്‍ 30 ആയി.’കഴിഞ്ഞ കളികളിലും സമാന രീതിയിലുള്ള മുന്നറിയിപ്പുകള്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. ഓവറുകള്‍ നിശ്ചിത സമയ പരിധിയില്‍ എറിഞ്ഞു തീര്‍ക്കുന്നതുള്‍പ്പെടെ ടീം പരിശീലനത്തിനിടെ സംസാരിക്കുകയുമുണ്ടായി.’

‘ഞങ്ങള്‍ വളര്‍ന്നു വരുന്ന ടീമാണ്. പഠിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. ക്രിക്കറ്റ് കളിക്കുന്നതു പോലെ തന്നെ ഉള്‍ച്ചേര്‍ക്കേണ്ട മറ്റു സങ്കീര്‍ണമായ കാര്യങ്ങളുമുണ്ട്. ഇത്തരം നിയമത്തെ കുറിച്ചു ടീമിലെ താരങ്ങള്‍ക്ക് വ്യക്തമായ ധാരണയുമില്ല.’

‘ആ അഞ്ച് റണ്‍സ് പോകാതിരുന്നാലും ഞങ്ങള്‍ വിജയിക്കുമായിരുന്നില്ല. കാരണം സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ കളിയുടെ കടിഞ്ഞാണ്‍ ഇന്ത്യക്കു തന്നെയായിരുന്നു’- ലോ പറഞ്ഞു.

രണ്ട് ജയവുമായി അമേരിക്ക പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാമതുണ്ട്. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ആതിഥേയര്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ജയിച്ചാലും മത്സരം ഉപേക്ഷിച്ചാലും യുഎസ്എയ്ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം. തോറ്റാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴി തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here