43ദിവസം, 1800 കിലോമീറ്റര്‍; കേദാര്‍നാഥ് ഓടിക്കയറി യുവാക്കള്‍

0

കൊല്‍ക്കത്ത: ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തി ജില്ലയായ ബംഗാളിലെ കലിപോങില്‍ നിന്ന് യുവാക്കള്‍ കേദാര്‍നാഥ് ഓടിക്കയറി. 43 ദിവസം കൊണ്ടാണ് യുവാക്കള്‍ 1800 കിലോമീറ്റര്‍ ഓടി കേദാര്‍നാഥിലെത്തിയത്. ഏപ്രില്‍ എട്ടിന് ജോലുങ്ങില്‍ നിന്ന് പുറപ്പെട്ട അനുജ് ശര്‍മയും നോര്‍ഡന്‍ തമാങും മെയ് 20നാണ് കേദാര്‍നാഥിലെത്തിയത്. ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ ആളാണ് അനൂജ് എങ്കില്‍ നോര്‍ഡന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ലോക്ക്ഡൗണ്‍ കാലത്താണ് ഇവര്‍ ഓട്ടപ്പരിശീലനം തുടങ്ങിയത്. അതിനായി അവര്‍ മലമുകളിലേക്കും മറ്റും ഓടാന്‍ തുടങ്ങി. ഇവര്‍ പതിവായി മാരത്തോണുകളില്‍ പങ്കെടുക്കുന്നവരുമാണ്. അടുത്തിടെ കലിപോങില്‍ നടന്ന മാരത്തോണില്‍ നോര്‍ഡന്‍ മൂന്നാമതായും അനൂജ് അഞ്ചാമനുമായി ഫിനിഷ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുണ്യനഗരമായ കേദാര്‍നാഥിലേക്ക് ഓടാന്‍ തീരുമാനിച്ചതെന്നും ഇരുവരും പറയുന്നു.

ആളുകള്‍ ഇത്തരം സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടുന്നതും നടക്കുകയും ചെയ്യുന്ന നിരവധി കഥകള്‍ തങ്ങള്‍ കേട്ടിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്രയും ദൂരം ഓടാനുള്ള തീരുമാനം എടുത്തതെന്ന് നോര്‍ഡന്‍ പറഞ്ഞു. ജോലുങ്ങില്‍ നിന്ന് പുറപ്പെട്ട് സിലിഗുരിയില്‍ എത്തി. നേപ്പാളില്‍ നിന്ന് രുദ്രപ്രയാഗ്. അവിടെനിന്ന് കേദാര്‍ നാഥ്. അങ്ങനെയായിരുന്നു ഓട്ടം. താപനില 41 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നതിനാല്‍ ഓട്ടം കഠിനമായിരുന്നു. 43 ദിവസങ്ങളില്‍ മൂന്ന് ദിവസം തങ്ങള്‍ക്ക് ഓടാന്‍ കഴിഞ്ഞില്ലെന്നും നോര്‍ഡന്‍ പറഞ്ഞു.കൂടുതല്‍ സമയവും രണ്ടുപേരും ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് ഓടിയത്. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെ 4 കിലോയോളം ഭാരമുള്ള ബാഗുമായാണ് ആദ്യം ഓട്ടം തുടങ്ങയിതെങ്കില്‍ ഇത്രയും ഭാരവുമായി ഓടുന്നത് ബുദ്ധിമുട്ടായതിനാല്‍ അത് 2.5 കിലോഗ്രാമായി കുറച്ചു. ദിവസവും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ഓടിയെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം ഒരുലക്ഷം രൂപയാണ് ഇരുവര്‍ക്കും ചെലവായത്, കൂടാതെ പ്രദേശവാസികളും തങ്ങളെ പിന്തുണച്ചതായി അനൂജ് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍, മേയര്‍മാര്‍ തുടങ്ങി നിരവധിപ്പേര്‍ തങ്ങളുമായി സംവദിച്ചെന്നും ഓട്ടം വലിയ ഒരു അനുഭവമായിരുന്നെന്നും അനൂജ് പറഞ്ഞു. കേദാര്‍നാഥില്‍ തങ്ങള്‍ക്ക് ലഭിച്ചത് വലിയ സ്വീകരണമായിരുന്നെന്നും ഇരുവരും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here