പൂരത്തില്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു, പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു: മന്ത്രി കെ രാജന്‍

0

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജന്‍. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്രശ്നം നടക്കുമ്പോള്‍ മന്ത്രിയും മറ്റുള്ളവരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂര ദിവസവും പൂര്‍ണമായി സ്ഥലത്തുണ്ടായിരുന്നത് ദ്യശ്യ മാധ്യമങ്ങള്‍ കാണുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. എന്നിട്ടും വെടിക്കെട്ടിന് ശേഷം രാവിലെ എത്തിയ കെ മുരളീധരന്റെ പ്രസ്താവന തെറ്റിധാരണയുണ്ടാക്കുന്നതും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുമാണ്. ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ആചാരങ്ങള്‍ക്ക്് കോട്ടം വരാത്ത വിധം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിരുവിട്ട നിയന്ത്രണം ഉണ്ടായി. പ്രശ്‌നക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു കഴിഞ്ഞു.വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആദ്യ നടപടി എന്ന നിലയ്ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കും. ഇതിന്റെ ഭാഗമായിട്ടാണ് കമ്മീഷണറെയും അസിസ്റ്റന്റ്് കമീഷണറെയും സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇനിയും വിവാദത്തിലേക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here