തൃശ്ശൂർ പൂരം: പൊലീസ് ഇടപെടലിന് മാനദണ്ഡങ്ങള്‍ വേണം, സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0

കൊച്ചി: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയെന്നും ഉത്സവ നടത്തിപ്പില്‍ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി.

വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും.

പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ബെഞ്ച് പരിഗണിച്ചില്ല. ജസ്റ്റിസ് വി ജി അരുണ്‍, എസ് മനു എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പി സുധാകരന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ ഏകപക്ഷീയമായ സമീപനം മൂലം തൃശൂര്‍ പൂരം മുടങ്ങിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

പൂരവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകളും ആചാരങ്ങളും മുടങ്ങിയെന്നും ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം വ്രണപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നാലു പൂരങ്ങള്‍ കൂടി ഇനിയും നടക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് കോടതിയില്‍നിന്ന് നിര്‍ദേശം ഉണ്ടാകണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടല്ലോ എന്നും കോടതി ചോദിച്ചു. പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റാന്‍ തീരുമാനിച്ച കാര്യവും കോടതി ഓര്‍മിപ്പിച്ചു.ഒരൊറ്റ സംഭവത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റെ മറുപടി കേള്‍ക്കട്ടെയെന്നുമായിരുന്നു കോടതിയുടെ നിലപാട്. ക്ഷേത്രോത്സവങ്ങള്‍ നടത്തുന്നതില്‍ ക്ഷേത്ര ഭരണസമിതിയെ സഹായിക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിനുള്ളത്. എന്നാല്‍ പൊലീസ് കമ്മീഷണര്‍ അധികാരം ഉപയോഗിച്ചു കൊണ്ട് നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന ചടങ്ങുകള്‍ തടസപ്പെടുത്തി. മഠത്തില്‍ ഭഗവതിയുടെ തിടമ്പുമായി വന്ന ആനയെ തടഞ്ഞു, ആനയ്ക്ക് മുന്നില്‍ കുത്തുവിളക്കുമായി നടന്നയാളെ മര്‍ദിച്ചു, വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യപൂജാരിക്ക് പ്രവേശനം നിഷേധിച്ചു തുടങ്ങി നിരവധി കാര്യങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here