വാഹനം ഓടിക്കുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാനുള്ള കാരണം? ‘ത്രിവേണീസംഗമം’, കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

0

തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവറുടെ ഏകാഗ്രത കുറവുകൊണ്ടാണെന്നും, ഇതിനുള്ള കാരണങ്ങളും പറയുന്നതാണ് എംവിഡിയുടെ കുറിപ്പ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

വാഹനം ഓടിക്കുന്നതിനിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവറുടെ ശ്രദ്ധ അല്ലെങ്കില്‍ ഏകാഗ്രത നഷ്ടപ്പെടുമ്പോഴാണ് എന്നത് നമുക്കറിയാം. പക്ഷെ ഈ ഏകാഗ്രതയ്ക്ക് ഭംഗം വരുന്ന കാരണങ്ങള്‍ അറിയാമോ ?

ഈ കാരണങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. കാഴ്ചയ്ക്ക് തടസ്സം നേരിടുക, അനിയന്ത്രിതമായ ദിശ മാറ്റം, ഡ്രൈവറുടെ മനസ്സിനുണ്ടാകുന്ന ജാഗ്രതക്കുറവ് എന്നിവയാണവ.
ഡ്രൈവിംഗ് തടസ്സങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം.

1) Eyes off the road

2) Hands off the wheel

3) Mind off the work

ഇവയിലേതിലെങ്കിലും ഒന്നിന്റേയോ യോജ്യമായ സംയുക്തകാരണങ്ങളാലോ ആണ് ഒരപകടം അടിസ്ഥാനപരമായി സംഭവിക്കുന്നത്. ഈ മൂന്ന് ഡിസ്ട്രാക്ഷനുകളും ഒരുമിച്ച് വരുന്ന ഒരു പക്ഷെ ഏകസാഹചര്യം ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുക എന്നതായിരിക്കും…. മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഒരു ഹാന്‍ഡ് ഹെല്‍ഡ് ഉപകരണമായ മൊബൈല്‍ ഫോണുകള്‍ ഡ്രൈവിങ്ങിനിടെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാകുന്നത് ബോധപൂര്‍വ്വമുള്ള ഒരു സമ്പൂര്‍ണ്ണഡിസ്ട്രാക്ഷന്‍ ആയതിനാലാണ്.

ഈ ‘ത്രിവേണീസംഗമം’ ഒരു പക്ഷെ ഇന്ന് നിങ്ങളെ അപകടപ്പെടുത്തിയില്ല എങ്കില്‍ അത് മറ്റുള്ളവരുടെ കാരുണ്യമായി കരുതലായി കരുതുക. ഡ്രൈവിങ്ങിനിടെ നാം കാണിക്കുന്ന ഈ ബഹുനൈപുണ്യപ്രവൃത്തി ഒരു പുണ്യപ്രവൃത്തിയേയല്ല. മിക്ക റോഡപകടങ്ങളിലും മൊബൈല്‍ ഉപയോഗം അദൃശ്യമായ ഒരു പ്രധാനകാരണവുമാകാറുണ്ട്.

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗിക്കുന്ന ശീലം പൂര്‍ണ്ണമായും ഒഴിവാക്കുക. ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും ഈ ശീലം നമ്മെ ഒരിക്കല്‍ ചതിക്കും. തീര്‍ച്ച.

സൂക്ഷിച്ചാല്‍…..

LEAVE A REPLY

Please enter your comment!
Please enter your name here