കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും; കോട്ടപ്പടിയിലെ നാലു വാർഡുകളിൽ നിരോധനാജ്ഞ

0

കൊച്ചി: കോതമംഗലം കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകി. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുകയെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ശേഷം മയക്കുവെടി വെക്കാനാണ് തീരുമാനം.ആനയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും മയക്കുവെടി വെക്കുക. ആനയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. ആന ക്ഷീണിതനാണെന്നും വനംവകുപ്പ് അറിയിച്ചു. കരയ്ക്കു കയറ്റിയ ശേഷം ആനയെ എങ്ങോട്ടു മാറ്റും എന്നതിൽ തീരുമാനമായിട്ടില്ല. ആനയെ പുറത്തെത്തിക്കാൻ കിണർ ഇടിക്കേണ്ടതിനാൽ, കിണർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ആന കിണറ്റിൽപ്പെട്ടതിനെ തുടർന്ന് നാലുവാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ആനയാണിതെന്നും, ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.

ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ അധികൃതർ ദൂരേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്ക് കയറാൻ രാവിലെ മുതൽ ആന ശ്രമിക്കുന്നുണ്ട്. ഇതുമൂലം ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here