പ്രതീക്ഷകള്‍ തെറ്റിക്കാതെ ‘ആവേശം’; അമ്പത് കോടി ക്ലബ്ബിലേക്ക്

0

കൊച്ചി: വിഷു റിലീസായി എത്തിയ ‘ആവേശം’ പ്രതീക്ഷകള്‍ തെറ്റിക്കാതെ ബോക്‌സ് ഓഫീസില്‍ ഹിറ്റാകുന്നു. ഫഹദ് ഫാസില്‍ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്കു കുതിക്കുന്നു. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്ഷന്‍ 48 കോടിയാണ്. തുടര്‍ച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്ഷനാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്.

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റിലീസ് ചെയ്ത ദിവസം ചിത്രം കേരളത്തില്‍ നിന്നും 3.5 കോടി വാരി. ആഗോള കളക്ഷന്‍ ദിവസത്തില്‍ പത്ത് കോടിയെന്ന നിലയ്ക്കാണ് കണക്കുകള്‍ പോകുന്നത്. ഞായറാഴ്ച മാത്രം ആഗോള കലക്ഷന്‍ 11 കോടിയായിരുന്നു. തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here