ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് താറാവുകളില്‍

0

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ചെറുതന പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. ഭോപ്പാലിലെയും തിരുവല്ലയിലെയും ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകള്‍ പോസിറ്റീവ് ഫലം നല്‍കി.

ജില്ലയിലെ കുട്ടനാട്, ചെറുതല, എടത്വ എന്നിവിടങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു. അതേത്തുടര്‍ന്ന് സാമ്പിളകുള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍

പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എന്‍1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരില്‍ എളുപ്പത്തില്‍ പകരാന്‍ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോള്‍ മരണനിരക്ക് 60 ശതമാനം വരെ ഉയര്‍ന്നേക്കാം.

ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങള്‍. വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയും ലക്ഷണങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here