ഹല്‍ദി ആഘോഷം കളറാക്കി അപര്‍ണ ദാസ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

0

നടി അപര്‍ണ ദാസിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ അപര്‍ണ്ണ തന്നെയാണ് പങ്കുവച്ചത്.

വിവാഹത്തോനുബന്ധിച്ച് നടന്ന ആഘോഷങ്ങളില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നാളെയാണ് നടന്‍ ദീപക് പറമ്പോലിന്റേയും അപര്‍ണ ദാസിന്റേയും വിവാഹം.

ഹര്‍ദി ആഘോഷത്തില്‍ ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന ദാവണിയാണ് ഹല്‍ദി ആഘോഷത്തിന് അപര്‍ണ ധരിച്ചത്. ഇതിനൊപ്പം സെറ്റ് വളയും ചോക്കറും ജിമിക്കിയും നെറ്റിച്ചുട്ടിയും പെയര്‍ ചെയ്തു. തലയില്‍ മുല്ലപ്പൂവും ചൂടി. അതിഥികളെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയും ശ്രദ്ധ നേടി. ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നവയിലും മികച്ച വേഷങ്ങള്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here