സുരക്ഷിതയെന്ന് ആന്‍ ടെസ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

0

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടതായി ബിജു പറഞ്ഞു. കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്.

തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.ഫോര്‍മുസ് കടലിടുക്കില്‍ നിന്നാണ് ഇസ്രായേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് മലയാളികള്‍ കപ്പലില്‍ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അതിനിടയിലാണ് തിങ്കളാഴ്ച 17 പേര്‍ക്ക് പുറമെ ആന്‍ ടെസയും കപ്പലില്‍ ഉണ്ടെന്ന് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here