തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍, സ്വന്തമായി എട്ട് വാഹനങ്ങള്‍, സുരേഷ് ഗോപിയുടെ കൈയില്‍ 1025 ഗ്രാം സ്വര്‍ണം, ഭാര്യക്കും മക്കള്‍ക്കും 90 ലക്ഷത്തിന്റെ സ്വര്‍ണം

0

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകള്‍ അടക്കം വ്യക്തമാക്കുന്ന നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. 40000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട്/ ബോണ്ട് എന്നിവയുമുണ്ട്. 1025 ഗ്രാം സ്വര്‍ണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. പോസ്റ്റോഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകള്‍ പറയുന്നു.ഏഴ് കേസുകളും സ്ഥാനാര്‍ത്ഥിയുടെ പേരിലുണ്ട്.

ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 – 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്.4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി.

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് 2.65 കോടി രൂപയുടെ ജംഗമ ആസ്തി, 2.61 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. വിവിധ ബാങ്കുകളില്‍ രണ്ടു കോടിയിലധികം രൂപയുടെ നിക്ഷേപവും സ്വന്തമായി മൂന്നു വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. വാഹനങ്ങള്‍ക്ക് 51 ലക്ഷം രൂപയാണ് മൂല്യം. കയ്യില്‍ 8 ഗ്രാമിന്റെ മോതിരവും 7 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളുമുണ്ടെന്നും പത്രികയില്‍ വെളിപ്പെടുത്തി.

Leave a Reply