കൊച്ചി: മാൻ, കുറുക്കൻ പിന്നാലെ മ്ലാവ് പുല്ലുവഴിയിൽ വന്യമൃഗങ്ങളെ വാഹനം ഇടിക്കുന്നത് പതിവാകുന്നു. ഒരു വർഷത്തിനിടെ മൂന്നു വന്യമൃഗങ്ങളെയാണ് എം.സി റോഡിൽ വാഹനം ഇടിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മ്ലാവിനെ വാഹനമിടിച്ചത്.
എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിനെ കണ്ടെത്തിയത്.രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചാണ് ഇത് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിൻറെ ജഡം കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി. സംഭവ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് വനമേഖല. ഇവിടെ ധാരാളം മ്ലാവുകൾ ഉണ്ട്. വനമേഖലയിൽ നിന്ന് ചാടിപ്പോന്നതാകാം എന്നാണ് നിഗമനം. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.