മേല്‍ശാന്തിയായിരിക്കെ പെട്ടെന്ന് അപ്രത്യക്ഷന്‍, ‘ദൈവ വിളി’; ആള്‍ദൈവം അമൃതചൈതന്യയായി രംഗപ്രവേശം

0

കൊച്ചി: പഠനത്തില്‍ വലിയ മികവ് കാട്ടാതിരുന്ന സന്തോഷ് മാധവന്‍, പൂജാവിധികള്‍ അഭ്യസിച്ചശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് പെട്ടെന്ന് വളര്‍ന്നത്. തുരുത്തി ക്ഷേത്രത്തില്‍ സേവനം ചെയ്യുമ്പോള്‍ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങള്‍ സമ്പാദിച്ചു. ഇതിനിടയില്‍ ഗള്‍ഫു നാടുകളടക്കം വിവിധ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഈ കാലയളവിനുള്ളില്‍ പ്രമുഖ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. വീടിനു സമീപത്തുതന്നെയുള്ള പെണ്‍കുട്ടിയെത്തന്നെയാണു സന്തോഷ് പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെണ്‍കുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേര്‍പെടുത്തി തിരിച്ചെത്തിയതായി പൊലീസ് പറയുന്നു.

തുരുത്തി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലി നോക്കുന്നതിനിടയില്‍ ഒരു ദിവസം സന്തോഷ് മാധവന്‍ അവിടെ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീടു മൂന്നു വര്‍ഷത്തോളം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തില്‍ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരില്‍ പ്രത്യക്ഷനായത്.

പഠനത്തില്‍ വലിയ മികവ് കാട്ടാത്ത സന്തോഷ് മാധവന്‍ ഇംഗ്ലിഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആയതിനു വിവിധ ദേശങ്ങളിലൂടെയുള്ള ഊരുചുറ്റലും കാരണമായി. കട്ടപ്പന ഇരുപതേക്കര്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന വ. ഹൈസ്‌കൂളിലുമായിരുന്നു. പത്താം ക്ലാസ് തോറ്റതോടെ പഠനം നിര്‍ത്തി. പിന്നീടു കട്ടപ്പനയില്‍ ചെരുപ്പുകടയില്‍ സെയില്‍സുമാനായി ജോലി നോക്കി. കട്ടപ്പനയിലെ വെയര്‍ ഹസിങ് ഡിപ്പോയിലെ ചുമട്ടുകാരന്റെ മകനായ സന്തോഷ് മാധവന്‍ സ്വാമി അമൃതചൈതന്യ ആയതിനു പിന്നില്‍ ദൈവ വിളിയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്തിയുടെ വളര്‍ച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍.

Leave a Reply