വീണ്ടും കത്തിക്കയറി സ്മൃതി മന്ധാന; യുപിയെ വീഴ്ത്തി വിജയ വഴിയില്‍ ബാംഗ്ലൂര്‍

0

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 23 റണ്‍സില്‍ ആര്‍സിബി യുപി വാരിയേഴ്‌സിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. യുപിയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ തീര്‍ന്നു.

38 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്സ ഹീലി യുപിക്കായി തിളങ്ങി. ദീപ്തി ശര്‍മ 22 പന്തില്‍ 33 റണ്‍സും പൂനം ഖമ്‌നര്‍ 24 പന്തില്‍ 31 റണ്‍സും എടുത്ത് പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞില്ല. മറ്റൊരാളും കാര്യമായ സംഭാവന നല്‍കാഞ്ഞത് യുപിക്ക് തിരിച്ചടിയായി.

ആര്‍സിബിക്കായി മലയാളി താരം ആശ ശോഭന, സോഫി ഡിവൈന്‍, സോഫി മൊളിനക്‌സ്, ജോര്‍ജിയ വേരം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ സ്മൃതി മന്ധാന കത്തുന്ന ഫോം ആവര്‍ത്തിച്ചു. താരം 50 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സും സഹിതം 80 റണ്‍സ് വാരി. എല്ലിസ് പെറിയും അര്‍ധ സെഞ്ച്വറി നേടി ടീമിനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. താരം 37 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 58 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്തു.

നാലാമതായി ക്രീസിലെത്തിയ റിച്ച ഘോഷ് പുറത്താകാതെ 10 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. താരം രണ്ട് ഫോറും ഒരു സിക്‌സും പറത്തി.

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ യുപി പിന്നീട് രണ്ട് തുടര്‍ വിജയങ്ങളുമായി തിരിച്ചെത്തിയിരുന്നു. എന്നാല്‍ അഞ്ചാം പോരില്‍ വീണ്ടും അവര്‍ക്ക് അടി തെറ്റി.

Leave a Reply