സിദ്ധാര്‍ത്ഥന്റെ മരണം: വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം; വിസിയോട് റിപ്പോര്‍ട്ട് തേടി

0

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

സിദ്ധാര്‍ത്ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്ത സീനിയര്‍ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 33 പേരെയാണ് കഴിഞ്ഞദിവസം വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്തത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും ജയപ്രകാശ് പറഞ്ഞു.

കഴിഞ്ഞ മാസം ഒമ്പതിനാണ് സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയും ഇല്ല. തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തന്നെ തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here