പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍, അമേഠി തിരിച്ചുപിടിക്കാന്‍ രാഹുല്‍; കോണ്‍ഗ്രസ്സില്‍ ധാരണ?

0

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും.

ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത രാഹുലും റായ്ബറേലിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്കയുംഎഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ തുടങ്ങുന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം ഇത് ചര്‍ച്ച ചെയ്യും. ഈ ആഴ്ചയോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,000ല്‍പ്പരം വോട്ടുകള്‍ക്കാണ് സിറ്റിങ് എംപിയായിരുന്ന രാഹുല്‍ പരാജയപ്പെട്ടത്. അതേസമയം വയനാട് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇത്തവണ ഉത്തരേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ നിലപാട്. അമേഠിക്ക് പകരം മറ്റൊരു മണ്ഡലം തെരഞ്ഞെടുത്താല്‍ പേടിച്ച് മാറുകയാണെന്ന ആക്ഷേപം ഉയരും. രാഹുല്‍ വീണ്ടും മത്സരിക്കാനെത്തുന്നതോടെ അമേഠി മണ്ഡലം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റമാകും റായ്ബറേലിയിലെ മത്സരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ അഞ്ച് തവണയും സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തിലെ എംപി. ഇത്തവണ ആരോഗ്യകാരണങ്ങളാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ തുടര്‍ന്നും വേണമെന്നും മണ്ഡലത്തിലെ വോട്ടര്‍മാരോട് സോണിയ അഭ്യര്‍ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here