അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളുടെ കിടക്കയില്‍ ഉറങ്ങി എന്‍ഡിഎ സഖ്യകക്ഷി നേതാവ്; വൈറല്‍

0

ദിസ്പൂര്‍: അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളുടെ കിടക്കയില്‍ ഉറങ്ങുന്ന നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അസമില്‍ രാഷ്ട്രീയ വിവാദം. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) നേതാവ് ബെഞ്ചമിന്‍ ബസുമതരിയാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കിടയില്‍ കിടക്കുന്നത്. ഇയാള്‍ വിസിഡിസി ചെയര്‍മാനുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ നേതാവിന്റെ വിഡിയോ വന്‍ തോതില്‍ പ്രചരിക്കുകയും ചെയ്തു.

അസമിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. അസമില്‍ ബിജെപി 11 സീറ്റുകളും സഖ്യകക്ഷികളായി അസം ഗണപരിഷത്തും യിപിപിഎല്ലും മൂന്ന് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭവന പദ്ധതി, ഗ്രാമീണ തൊഴില്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി അഴിമതിക്കേസുകള്‍ നേരത്തെ ഈ നേതാവിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഒഡല്‍ഗുരി ഡെവലപ്മെന്റ് സോണിലെ തന്റെ വിസിഡിസിക്ക് കീഴിലുള്ള പിഎംഎവൈ, എംഎന്‍ആര്‍ഇജിഎ പദ്ധതികളുടെ പാവപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അദ്ദേഹം കൈക്കൂലി വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഈ സംഭവത്തില്‍ പാര്‍ട്ടിയുമായോ സര്‍ക്കാരുമായോ യാതൊരുബന്ധവുമില്ലെന്ന് യിപിപിഎല്‍ നേതാവ് പ്രമോദ് ബോറോ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബസുമതരിയുടെ സുഹൃത്തുക്കള്‍ ഒരുപാര്‍ട്ടിക്കിടെ എടുത്ത ഫോട്ടോയാണെന്നും ഇത് ഉപയോഗിച്ച് അദ്ദേത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും പ്രമോദ് ബോറോ പറഞ്ഞു. ഫോട്ടോയിലെ പണം ബെഞ്ചമിന്‍ ബസുമാറ്റരിയുടെ സഹോദരിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here