മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ: തിരുവാഭരണം ഉൾപ്പടെ 13.5 പവൻ സ്വർണം കാണാനില്ല: അന്വേഷണം

0

കൊച്ചി: മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെഎസ് സാബുവിനെയാണ് (ശ്രീഹരി–44) മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ തിരുവാഭരണം അടക്കമുള്ള 13.5 പവൻ സ്വർണവും കാണാതായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിൽ പോകാനുള്ള സൗകര്യത്തിനുവേണ്ടി അടുവാശേരിയിൽ എടുത്ത വാടകവീട്ടിലായിരുന്നു തിങ്കളാഴ്ച സാബു തങ്ങിയത്. പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തിനൊപ്പം മകൻ ക്ഷേത്രത്തിലെത്തി അന്വേഷിച്ചപ്പോഴാണ് പൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ക്ഷേത്ര ഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതോടെ ചെങ്ങമനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒന്നരയാഴ്ച മുൻപായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവ നാളുകളിൽ ദേവിക്ക് ചാർത്തുന്നതിനുള്ള 12 പവൻ വരുന്ന തിരുവാഭരണം മേൽശാന്തിയുടെ പക്കലായിരുന്നു. ഉത്സവ ശേഷം ഇവ ബാങ്ക് ലോക്കറിലേക്കു മാറ്റുന്നതിന് ഭാരവാഹികൾക്ക് തിരികെ നൽകിയിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോൾ ഇന്നലെ മടക്കി നൽകാമെന്നാണ് അറിയിച്ചിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പരിശോധനയിൽ ശ്രീകോവിലിൽ പ്രത്യേക ബോക്സിൽ സൂക്ഷിക്കാറുള്ള തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒന്നര പവൻ തൂക്കമുള്ള നെക്‌ലേസ് പെട്ടിയിൽ കണ്ടെത്തിയെങ്കിലും പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്നു തെളിഞ്ഞു. ഇതോടെയാണ് തിരുവാഭരണം ഉൾപ്പെടെ 13.5 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here