‘ഓരോരുത്തരുടേയും ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്’;കുരുവി പാപ്പയെന്ന ചലച്ചിത്രം നല്‍കുന്ന സന്ദേശം

0

ഓരോരുത്തരുടേയും ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കാതെ നിറവും ജാതിയുമൊക്കെ നോക്കി മറ്റുള്ളവരാണ് നമ്മളെ തീരുമാനിക്കുന്നതെങ്കില്‍ അത് ആലോചിച്ച് സങ്കടപ്പെടാനും പ്രയാസപ്പെടാനും മാത്രമേ നേരം കാണുകയുള്ളു. അതിനു പകരം ഞാനെന്താണെന്ന് സ്വയം തീരുമാനിച്ച് മുന്നോട്ടു പോകാനായാല്‍ വിജയം തേടി വരിക തന്നെ ചെയ്യും.കുരുവി പാപ്പയെന്ന ചലച്ചിത്രം നല്‍കുന്ന സന്ദേശമാണിത്. സ്വയം പ്രചോദനമാവുകയും അതുള്‍ക്കൊണ്ട് മുമ്പോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്താല്‍ വഴി മുടക്കാനല്ല ആ വഴിയില്‍ വന്ന് ഇരുകൈകളും പിടിച്ച് കുലുക്കി അഭിനന്ദിക്കാനാണ് ആളുകളുണ്ടാവുക.
കുരുവിയെന്ന കൗമാരക്കാരി പെണ്‍കുട്ടി തന്റെ നിറത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തന്‍ഹ ഫാത്തിമയെന്ന പെണ്‍കുട്ടി തന്റെ തന്നെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതാണ് കുരുവി പാപ്പ. യഥാര്‍ഥത്തിലും സിനിമയിലും പെണ്‍കുട്ടിയുടെ പേര് തന്‍ഹ ഫാത്തിമ എന്നു തന്നെയാണ്. അവളുടെ ചെല്ലപ്പേരാണ് കുരുവി.നിറം കുറവായ പെണ്‍കുട്ടി പിറന്നപ്പോള്‍ സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് അവള്‍ക്ക് ആദ്യം നിറത്തിന്റെ പേരില്‍ അവഗണന അനുഭവിക്കേണ്ടി വന്നത്. പിന്നീട് പലയിടങ്ങളിലും അവള്‍ക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ക്ലാസില്‍, കലാപരിപാടികളില്‍, വേദികളില്‍ തുടങ്ങി എല്ലായിടത്തും തന്റെ നിറം പ്രശ്‌നമാണെന്നാണ് അവള്‍ അറിയുന്നത്.കൊച്ചു പെണ്‍കുട്ടിയെ പിന്തുണക്കാന്‍ അവളുടെ മാതാപിതാക്കളും സഹോദരനും കൂടെയുണ്ടായിരുന്നതാണ് വിജയങ്ങളിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത്.മറ്റുള്ളവരുടെ കുത്തുവാക്കുകളില്‍ തളര്‍ന്നു പോയേക്കാവുന്ന ജീവിതങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന രചനയാണ് കുരുവിപാപ്പയുടേത്. ഈ സിനിമയ്ക്ക് വ്യത്യസ്തമായ നിരവധി പ്രത്യേകതകളുണ്ട്. കുരുവിപാപ്പയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നായിക തന്‍ഹ ഫാത്തിമയുടെ മാതാവ് ജാസ്മിന്‍ ജാസും മാതൃസഹോദരന്‍ ബിസ്മിത് നിലമ്പൂരുമാണ്. സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍ തന്‍ഹയുടെ പിതാവ് കെ കെ ബഷീറാണ്.വിനീതും മുക്തയുമാണ് കുരുവിയുടെ മാതാപിതാക്കളായി വേഷമിട്ടിരിക്കുന്നത്. മലബാറിലെ മുസ്‌ലിം പശ്ചാതലത്തില്‍ പറയുന്ന കഥ പിന്നീട് എറണാകുളത്തേക്ക് പറിച്ചു നടുന്നു. തലശ്ശേരിക്കാരന്‍ ജംഷീറിന്റേയും നിലമ്പൂരുകാരി മുബീനയുടേയും രണ്ടു മക്കളില്‍ ഇളയവളാണ് കുരുവി. നൃത്തത്തില്‍ താത്പര്യമുണ്ടായിരുന്ന അവള്‍ ഗുരുക്കന്മാരില്ലാതെ യൂട്യൂബും ടെലിവിഷന്‍ പരിപാടികളുമൊക്കെ കണ്ടാണ് പഠിച്ചത്. പിന്നീട് വലിയൊരു ടെലിവിഷന്‍ ഷോയിലേക്കും അവള്‍ എത്തിപ്പെടുന്നു.യഥാര്‍ഥ ജീവിതത്തെ റീലിലേക്കെത്തിച്ച സിനിമയില്‍ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ റോളുകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഗസല്‍, വാങ്ക് തുടങ്ങിയ സിനിമകളില്‍ മുസ്‌ലിം വേഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വിനീത് ഈ ചിത്രത്തില്‍ തലശ്ശേരി മുസ്‌ലിം പ്രാദേശിക സംസാര രീതിയാണ് പിന്തുടരുന്നത്.പുതുമുഖ താരമാണെങ്കിലും തന്‍ഹയുടെ അഭിനയത്തില്‍ അത് തിരിച്ചറിയാനാവുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മുക്ത മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമ കൂടിയാണ് കുരുവി പാപ്പ.ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് പിറകിലേക്ക് മടങ്ങിയെത്തിയ വിപിന്‍ മോഹന്റെ പ്രസാദാത്മകമായ ചിത്രീകരണം, ധന്യ പ്രദീപ് ടോം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ ശ്രദ്ധേയമായ വരികള്‍, പ്രദീപ് ടോമിന്റെ സംഗീതം തുടങ്ങിയവ സിനിമയെ പ്രേക്ഷകരുമായി അടുപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.വണ്‍ സെക്കന്റ് പ്ലീസ്, സ്റ്റാന്റേര്‍ഡ് ടെന്‍ ഇ 99 ബാച്ച് എന്നീ സിനിമകള്‍ക്ക് ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുവിപാപ്പ.സീറോ പ്ലസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസിന്റേയും ബാനറില്‍ ബഷീര്‍ കെ കെയും ഖാലിദ് ചെതലൂരുമാണ് കുരുവി പാപ്പ നിര്‍മിച്ചത്.

Leave a Reply