‘ഞാൻ പ്രേമലുവിലെ ആദിയാണ്, ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല’; ശ്യാമിനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ മറുപടി

0

പ്രേമലുവിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ശ്യാം മോഹൻ. ആടുജീവിതം കണ്ട് പൃഥ്വിരാജിന് ശ്യാം അയച്ച മെസേജാണ് ഇപ്പോൾ‌ ആരാധകരുടെ മനംകവരുന്നത്. പൃഥ്വിരാജിനോടുള്ള ആരാധന വ്യക്തമാക്കിക്കൊണ്ടുള്ളതാണ് മെസേജ്. പിന്നാലെ ശ്യാമിനെ തേടി പൃഥ്വിരാജിന്റെ റിപ്ലേ എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്യാം തന്നെയാണ് മെസേജിന്റെ വിഡിയോ സ്ക്രീൻഷോട്ട് പങ്കുവച്ചത്.

‘ചേട്ടാ ഞാൻ പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ശ്യാം ആണ്. ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല. ഞാൻ ആദ്യമായി ഒറ്റയ്ക്ക് തിയറ്ററിൽ പോയി കണ്ട പടം രാജുവേട്ടന്റെ ‘സത്യം’ ആണ്. അന്നു മുതൽ ഉള്ള ഇഷ്ടം ആണ്. ഇന്ന് ആടുജീവിതം കണ്ടപ്പോൾ എനിക്കത് ഒരു വ്യക്തിപരമായി എന്റെ വിജയമായി തോന്നി. ചേട്ടന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ചേട്ടനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്നേഹത്തോടെ ശ്യാം.’- എന്നാണ് പൃഥ്വിരാജിന് അയച്ച മെസേജിൽ പറയുന്നത്.

‘ശ്യാം, പ്രേമലുവിന്റെ വലിയ വിജയത്തിന് അഭിനന്ദനങ്ങൾ. ആടുജീവിതം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. വൈകാതെ ശ്യാമിനെ നേരിട്ടു കാണാനാവുമെന്ന് കരുതുന്നു. – എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. പൃഥ്വിരാജിന്റെ മറുപടിക്ക് നന്ദി കുറിച്ച ശ്യാം, നേരിട്ടു കാണുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ശ്യാം മോഹൻ. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവിൽ ആദി എന്ന കഥാപാത്രത്തെയാണ് ശ്യാം അവതരിപ്പിച്ചത്. ചിത്രം വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലിയും ശ്യാമിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here